ഇടുക്കി: വേനല്‍കാലത്ത് ഇടുക്കി ജില്ലയിലെ മൊട്ടകുന്നുകളില്‍ തീ പടരുന്നത് സാധാരണമാണ്. കമ്പംമേട് മൂങ്കിപ്പള്ളം മലനിരകൾ മുതൽ കുരുങ്ങിണി മലനിരകൾ വരെയുള്ള പശ്ചിമഘട്ട മലനിരകളാണ് ഏറ്റവുമധികം കാട്ടുതീ ഭീഷണി നേരിടുന്നത്. പലപ്പോഴും കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്ന തീ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. മുൻ വർഷങ്ങളിൽ ജില്ലയില്‍ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് നെടുങ്കണ്ടം, രാമക്കൽമേട്, കൈലാസപ്പാറ മലനിരകൾ, ചതുരംഗപ്പാറ എന്നീ പ്രദേശങ്ങളിലാണ്. 78 ചെറുതും വലുതുമായ കേസുകളാണ് നെടുങ്കണ്ടം ഫയർ സ്റ്റേഷനില്‍ മാത്രം കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്.
വേനൽ കടുക്കുന്നതോടെ കാട്ടുതീ തടയുന്നതിനായി അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, റവന്യൂ,പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉൾപ്പെടുത്തി കർമസമിതികൾ രൂപീകരിച്ചു. കൃഷിയിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ ഫയർ ലൈൻ തെളിക്കുന്നതടക്കമുള്ള മുന്‍കരുതലുകൾ സ്വീകരിയ്ക്കണമെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകി. കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിയ്ക്കണം. കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിപ്പിക്കാന്‍ ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടിത്തതിന് കാരണമാകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.