ഇടുക്കി: സഹ്യപര്‍വത നിരയെ ചുറ്റി വരിഞ്ഞിറങ്ങുന്ന പാത.., എങ്ങും മൂടല്‍ മഞ്ഞ്.., തമിഴ്‌നാടന്‍ പട്ടണങ്ങളുടെ വിദൂര കാഴ്‌ച, ഇടുക്കിയില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്കുള്ള യാത്രയില്‍ അവിസ്‌മരണീയ കാഴ്‌ചകള്‍ നല്‍കുന്ന പാതയാണ് ബോഡിമെട്ട്- ബോഡി ചുരം പാത.
മൂന്നാറിന്‍റെയും ഏലമലക്കാടുകളുടേയും ചരിത്രത്തിനൊപ്പം ഇടംപിടിയ്ക്കുന്നതാണ് ബോഡിമെട്ട്- മുന്തല്‍- ബോഡി വാണിജ്യ പാതയുടെ പ്രാധാന്യവും. കിലോമീറ്ററുകളോളം ദൈര്‍ഘ്യത്തില്‍ മലനിരയെ കീറി മുറിച്ചിറങ്ങുന്ന ചുരത്തിന്‍റെ വിദൂര കാഴ്‌ച അതിമനോഹരമാണ്. അതിര്‍ത്തി വന മേഖലകളില്‍ തുടര്‍ച്ചയായി പെയ്‌ത മഴയെ തുടര്‍ന്ന് പാതയോരത്തെ വെള്ളച്ചാട്ടങ്ങളും സജീവമായി.
ബോഡിമെട്ടിന് താഴ്ഭാഗത്തുള്ള പുലികുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി. മുൻകാലങ്ങളിൽ നീരുറവയായി കാണപ്പെട്ടിരുന്ന ഒൻപതാം വളവിലെ വെള്ളച്ചാട്ടം ഇപ്പോൾ ജലസമൃദ്ധമാണ്.
കാഴ്‌ചകള്‍ അതിമനോഹരമാണെങ്കിലും മഴക്കാലത്ത് ബോഡിമെട്ടില്‍ നിന്നുള്ള ചുരം യാത്ര ദുഷ്‌കരമാണ്. മണ്ണിടിച്ചിലും പാറക്കല്ലുകള്‍ റോഡിലേക്ക് പതിയ്ക്കുന്നതും ഇവിടെ പതിവാണ്. ഈ വര്‍ഷം നിരവധി തവണ പാതയിലൂടെയുള്ള രാത്രി ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Also Read: Mullaperiyar: മുല്ലപ്പെരിയാർ ഡാം; കൂടുതൽ അളവിൽ ജലം സ്‌പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കും