ഇടുക്കി: കൊവിഡ് ആശങ്കയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് പുനരാരംഭിച്ചു. മുതിരപ്പുഴ ടൂറിസം ഡെവലപ്പ്‌മെന്‍റ് സൊസൈറ്റിയുടെയും കെഎസ്ഇബി ഹൈഡല്‍ ടൂറിസത്തിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് ഇവിടെ ബോട്ടിങ് നടന്നുവരുന്നത്.
ബോട്ടിങ് പുനരാരംഭിച്ചതോടെ അണക്കെട്ടിലേക്ക് സന്ദര്‍ശകരും എത്തി തുടങ്ങി. കയാക്കിങ്, പെഡല്‍ ബോട്ട്, കുട്ടവഞ്ചി എന്നിവയാണ് അണക്കെട്ടിലെ ജലയാത്രക്കായി ക്രമീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന പെഡല്‍ബോട്ടിന് 250 രൂപയും കുട്ടവഞ്ചിക്ക് 400 രൂപയും കയാക്കിങ്ങിന് 250രൂപയുമാണ് ഫീസ്. വാട്ടര്‍ സ്‌കൂട്ടര്‍, ചങ്ങാടം, തുഴവഞ്ചി എന്നിവയും വൈകാതെ ബോട്ടിങ് സെന്‍ററില്‍ എത്തിക്കും.
ചരിത്രപ്രാധാന്യമുള്ള തോട്ടാപ്പുരയും പരന്നകാഴ്ച്ച ഒരുക്കുന്ന ആല്‍പ്പാറ വ്യൂപോയിന്‍റും ബോട്ടിങ് സെന്‍ററുമായി ചേര്‍ന്ന് കിടക്കുന്ന ഇടങ്ങളാണ്. ഇവിടേക്ക് കൂടി സഞ്ചാരികളെ എത്തിച്ച് ബോട്ടിങ് സെന്‍ററിന്‍റെ വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കാനുതകുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുമ്പോട്ട് പോവുകയാണ്.