ഇടുക്കി: കാന്തല്ലൂർ മാശിവയൽ ഭാഗത്ത് വായിലേറ്റ പരുക്കുകളുമായി കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടുപോത്ത്. മാശിവയലിലെ മൾബറി, ബീൻസ്, വാഴ, ഉള്ളി എന്നീ കൃഷി വിളകൾ കാട്ടുപോത്ത് നശിപ്പിച്ചു. ഇത് തമ്പടിച്ചിരിക്കുന്നതിനാൽ കൃഷിയിടത്തിൽ പകൽ സമയത്ത് പോലും ജോലി ചെയ്യാൻ ആരും തയ്യാറാകാത്ത സ്ഥിതിയാണ്.
കൂടുതൽ വായനയ്ക്ക്: സര്‍ക്കാർ സഹായം വൈകുന്നു, ഇടുക്കിയിലെ കർഷകർ ആത്മഹത്യ മുനമ്പില്‍
വനംവകുപ്പ് അധികൃതർ എത്രയും വേഗം നടപടി സ്വീകരിച്ച് കാട്ടുപോത്തിനെ കൃഷിയിടത്തിൽ നിന്ന് മാറ്റിത്തരണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മയക്കുവെടിവച്ച് മാത്രമേ ചികിത്സ നടത്താൻ കഴിയുകയുള്ളൂ.
ഇത്തരത്തിൽ ചികിത്സ നൽകണമെങ്കിൽ വയനാട്ടിലോ തേക്കടിയിലോ ഉള്ള വിദഗ്ധ ഡോക്ടർമാർ എത്തണം. നിലവിൽ കൃഷിത്തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് കടത്തിവിടാനുള്ള ശ്രമവും നടക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.