ഇടുക്കി : കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാഞ്ചിയാർ സ്വദേശി ബിജേഷ് പൊലീസ് പിടിയില്‍. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കുമളിയിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. കുമളി ടൗണിൽ വച്ചാണ്, കൊല്ലപ്പെട്ട അനുമോൾ എന്ന് വിളിക്കുന്ന പി ജെ വത്സമ്മയുടെ ഭർത്താവായ ബിജേഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
തമിഴ്‌നാട് കമ്പത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്ന് രാവിലെ കുമളിയിൽ വന്നിറങ്ങിയതിന്‍റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ടീ ഷർട്ടും പാന്‍റ്‌സുമായിരുന്നു വേഷം. തുടർന്ന് പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുമളി എസ് എച്ച് ഒ ജോബിൻ ആന്‍റണിയുടേ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു.
കുറ്റം സമ്മതിച്ചതായി വിവരം : തുടർന്ന് ബിജേഷിനെ കട്ടപ്പനയിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് കൈമാറി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ എന്തിനാണ് കുമളിയിലെത്തിയത് എന്നതിൽ വ്യക്തതയില്ല. അനുമോളെ കൊലപ്പെടുത്തിയത് താനാണെന്ന് ബിജേഷ് സമ്മതിച്ചതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ എങ്ങനെയാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
മാർച്ച് 21 നാണ് കാഞ്ചിയാർ വട്ടമുകളേൽ വത്സമ്മയെ(27) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ച മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് ബിജേഷിനെ കാണാതായത്. അനുമോളെ കൊലപ്പെടുത്തിയത് ബിജേഷാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.
അനുമോളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കളും ഭർത്താവായ ബിജേഷും കട്ടപ്പന പൊലീസിൽ പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് മൃതദേഹം കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോൺവെന്‍റ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയായിരുന്നു മരിച്ച വത്സമ്മ.
പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം: ബിജേഷിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവതിയുടെ സഹോദരനും അച്ഛനും ചേർന്ന് കാഞ്ചിയാറിലെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വത്സമ്മയുടേത് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. കൂടാതെ അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടിരുന്നതായി ബന്ധുക്കളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു.
വത്സമ്മയുടെ സന്ദേശം : തുടർന്ന് അന്ന് മുതൽ, ഒളിവിൽ പോയ ബിജേഷിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭർത്താവ് മദ്യപിച്ചെത്തി തന്നെ പീഡിപ്പിക്കുന്നതായി യുവതി മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. സ്വന്തം വീട്ടിലേയ്‌ക്ക് പോകണമെന്നില്ലെന്നും എവിടെയെങ്കിലും പോയി പണിയെടുത്തെങ്കിലും ജീവിക്കുമെന്നും എന്നാൽ നിലവിൽ ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണെന്നും യുവതി സന്ദേശത്തിൽ പറഞ്ഞിരുന്നു. ജീവിതം മടുത്തെന്നും ആരും കണ്ടുപിടിക്കാത്ത രീതിയിൽ എവിടെയെങ്കിലും പോയി ജീവിക്കണമെന്നും അനുമോൾ ബന്ധുവിനോട് പറഞ്ഞിരുന്നു.
also read: യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിനെ കാണാനില്ല
അതിർത്തി കടന്നെന്ന സംശയം ശക്തിപ്പെട്ടു: ഒളിവിൽ പോയ ബിജേഷിനായുള്ള അന്വേഷണത്തിൽ അയാൾ സംസ്ഥാനം വിട്ടതായുള്ള സൂചനകൾ നേരത്തെ പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് കണ്ടെത്തിയതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേ തുടർന്ന് കട്ടപ്പന പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
also read: കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകം : മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമെന്ന് പൊലീസ്
അതേസമയം അനുമോളുടെ ഫോൺ ബിജേഷ് 5000 രൂപയ്‌ക്ക് മറ്റൊരാൾക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ഇത്തരം കാര്യങ്ങൾ മുൻനിർത്തിയാണ് കൊലപാതകത്തിൽ പൊലീസ് ബിജേഷിനെ സംശയിച്ചത്.