ഇടുക്കി : സ്ട്രോബറി കൃഷിയില്‍ വിജയം കൊയ്‌ത് ചിന്നക്കനാല്‍ ബി എല്‍ റാം സ്വദേശി പള്ളിവാതുക്കല്‍ പി.എ സോജൻ. ജില്ലയിലെ മികച്ച സ്‌ട്രോബറി കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ഇദ്ദേഹം കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ രംഗത്ത് സജീവമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ജൈവ സമ്മിശ്ര കൃഷിയാണ് സോജന്‍ പിന്‍തുടരുന്നത്.
ഏഴ് വര്‍ഷം മുമ്പാണ് സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുന്നത്. ആദ്യ കൃഷി പരാജയപ്പെട്ടെങ്കിലും പിന്നീട് കൃഷിവകുപ്പിന്റെ സഹായത്തോടെ പൂനെയില്‍ പോയി ശാസ്ത്രീയമായി പഠിക്കുകയും തുടരുകയുമായിരുന്നു. പൂനയില്‍ നിന്നും എത്തിച്ച അത്യുത്പാദന ശേഷിയുള്ള നെബുല ഇനത്തില്‍പെട്ട ഹൈബ്രിഡ് തൈകളാണ് കൃഷിചെയ്തിരിക്കുന്നത്.
അയ്യായിരത്തോളം തൈകളാണ് ഇദ്ദേഹം പരിപാലിച്ചുവരുന്നത്. സംസ്ഥാനത്ത് സ്ട്രോബറിയുടെ തൈകൾ കിട്ടാനില്ലാത്തത് കൂടുതലായി കൃഷി ചെയ്യാൻ കഴിയാതെ പോകുന്നുണ്ട്. പൂനെയിൽ നിന്ന് വിമാനമാർഗമാണ് ഇപ്പോൾ തൈകൾ എത്തിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ സ്ട്രോബറി ഹബ് എന്ന പേജിലൂടെ കൃഷിവിശേഷങ്ങൾ പങ്കുവയ്ക്കുന്നത് വഴി നിരവധി ടൂറിസ്റ്റുകൾ ഫാമിലെത്തി പഴങ്ങൾ വാങ്ങി പോകുന്നുണ്ട്.
Also Read: കൃഷിയില്‍ സ്ട്രോബറി മധുരം നിറച്ച് സോജൻ
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം കൃഷി നഷ്ടമായിരുന്നു. ധാരാളം പഴങ്ങൾ ഉണ്ടായെങ്കിലും വിൽക്കാൻ കഴിയാതെ നശിച്ചുപോകുകയുണ്ടായി. ഇത്തവണ സഞ്ചാരികൾ എത്തുന്നുണ്ട്. ഏലം, മീൻ, തേൻ തുടങ്ങിയ കൃഷികളും സോജൻ ചെയ്തുവരുന്നു. ലാഭകരമായ കൃഷിയാണിതെന്നും സര്‍ക്കാര്‍ സഹായങ്ങളുണ്ടായാല്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
ജൈവ രീതിയിലുളള കൃഷിയില്‍ കീടരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ജമന്തിയും, സൂര്യകാന്തിയും ഇവിടെ ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. സ്‌ട്രോബറി പഴങ്ങള്‍ വില്‍പ്പന നടത്തുന്നതിനൊപ്പം ജാം, സ്‌ക്വാഷ്, ജൂസ് അടക്കമുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഭാവിയില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൃഷി വ്യാപിപ്പിക്കുകയും സ്‌ട്രോബറിയും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും കയറ്റി അയക്കുകയുമാണ് ലക്ഷ്യം.