ഇടുക്കി: ജില്ലയിലെ ബാലന്‍പിള്ള സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. വ്യാഴാഴ്‌ചയാണ് (സെപ്റ്റംബര്‍ 30) ഏഴ് പേര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. ഇവര്‍ നിലവില്‍ ഒളിവിലാണ്.
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അഭിവാദ്യമര്‍പ്പിച്ച് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയത്. ആര്‍എസ്എസിനെതിരെ കൊലവിളി മുഴക്കിയായിരുന്നു പ്രകടനം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ പ്രകടനത്തില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കൊടികള്‍ ഉപയോഗിക്കാതെയായിരുന്നു പ്രകടനം.
READ MORE | ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം വിളി; പ്രകടനം നടത്തിയവരിൽ കുട്ടികളും
പോപ്പുലര്‍ ഫ്രണ്ടിന്‍റെയും ക്യാമ്പസ് ഫ്രണ്ടിന്‍റെയും പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരെയാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍, പൊതുസ്ഥലത്ത് ഗതാഗത സ്‌തംഭനം, നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പുറമെയാണ്, യുഎപിഎ ചുമത്തിയത്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള അതിര്‍ത്തി മേഖലകള്‍ ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ്.