ഇടുക്കി: വീണ്ടും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ദുരിതത്തിലായിരിക്കുകയാണ് ബേക്കറിക്കച്ചവടക്കാർ. പള്ളികളിലും മറ്റും സംഘടിപ്പിച്ചിരുന്ന സമൂഹ നോമ്പ് തുറകൾക്ക് ഉൾപ്പടെ വിലക്ക് വീണതോടെ കച്ചവടം കുത്തനെ കുറഞ്ഞു. ഇതോടെ റംസാൻ വിപണിയിൽ പ്രതീക്ഷ വച്ച ബേക്കറിക്കാർ നിരാശയിലാണ്.
ക്രിസ്മസും ഓണവും പോലെ തന്ന ബേക്കറി കച്ചവടക്കാരുടെ ചാകരക്കാലമാണ് റംസാൻ. നോമ്പുതുറ വിഭവങ്ങൾ ബേക്കറികൾ കയ്യടക്കുന്ന കാലം. കഴിഞ്ഞ വർഷം ലോക്ക്ഡൗണ്‍ വരുത്തി നഷ്ടം ഇത്തവണ നികത്താമെന്ന പ്രതീക്ഷയിൽ വലിയ മുന്നൊരുക്കങ്ങളാണ് ബേക്കറി ഉടമകളെല്ലാം നടത്തിയത്. എന്നാൽ തുടർച്ചയായി രണ്ടാം തവണയും കൊവിഡ് നിയന്ത്രണങ്ങൾ റംസാൻ വിപണി വെള്ളത്തിലാക്കി.
റംസാൻ കഴിഞ്ഞുള്ള പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് വന്ന് കച്ചവടം മെച്ചപ്പെടുമെന്ന് ഇവർക്ക് പ്രതീക്ഷയില്ല. പാഴ്‌സലുകളും മറ്റും തയ്യാറാക്കി വീടുകളിലേക്ക് എത്തിച്ച് കച്ചവടം നിലനിർത്താനുള്ള ശ്രമത്തിലാണ് ബേക്കറി ഉടമകൾ.