ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ ആയുര്‍വ്വേദ ആശുപത്രിക്കായി നിര്‍മിച്ച കെട്ടിടം കാട് കയറി നശിക്കുന്നു. ഏകദേശം പത്ത് വര്‍ഷം മുമ്പാണ് മാങ്കുളം ഗ്രാമപഞ്ചായത്തോഫീസ് സമീപം സര്‍ക്കാര്‍ വക ഭൂമിയില്‍ ആയുര്‍വേദ ആശുപത്രിക്കായി കെട്ടിടം നിര്‍മിച്ചത്.ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കെട്ടിടം ആശുപത്രിക്കായി തുറന്നു നല്‍കിയിട്ടില്ല.
കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി പരാതി സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയും ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ കെട്ടിടത്തിന് എന്നെന്നേക്കുമായി പൂട്ടു വീണു. നിലവില്‍ കാട് കയറി മൂടിയ കെട്ടിടം സ്വകാര്യ കരാറുകാരന്റെ സിമന്‍റ് ഗോഡൗണാണ്. കെട്ടിടം നാശത്തിന്‍റെ വക്കിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മുനിപാറയില്‍ നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ചെറിയ കെട്ടിടത്തിനുള്ളിലെ സ്ഥലപരിമിതി ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും രോഗികള്‍ക്ക് മുനിപാറയിലെ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തണമെങ്കില്‍ അധിക ചെലവും സമയവും ആവശ്യമാണ്. അടഞ്ഞ് കിടക്കുന്ന മാങ്കുളത്തെ ആയുര്‍വ്വേദ ആശുപത്രി കെട്ടിടം തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.