ഇടുക്കി: വഴിയില്‍ കളഞ്ഞ് കിട്ടിയ എട്ട് ലക്ഷം രൂപ തിരികെ നല്‍കി അടിമാലി സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മാതൃകയായി. റോഡില്‍ കിടന്നിരുന്ന ബാഗ് ശ്രദ്ധയില്‍പ്പെടുകയും ബാഗില്‍ പണമാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ ഇവര്‍ ബാഗും പണവും അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. പണത്തിന്‍റെ ഉടമയായ ബാങ്കുദ്യോഗസ്ഥനെ പിന്നീട് പൊലീസ് കണ്ടെത്തുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സാന്നിധ്യത്തില്‍ ബാഗ് തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
അടിമാലി ടൗണില്‍ ഓട്ടോറിക്ഷയോടിച്ച് ഉപജീവനം നടത്തുന്ന അടിമാലി സ്വദേശികളായ അപ്പു, ഷാനവാസ്, വിനയന്‍ എന്നിവരാണ് ഈ കൊവിഡ് കാലത്ത് നന്മയുടെ മറ്റൊരു മുഖമായി മാറിയത്. അടിമാലി ട്രഷറിയില്‍ നിന്നും പിന്‍വലിച്ച പണവുമായി വീട്ടിലേക്ക് മടങ്ങവെയായിരുന്നു ബാങ്കുദ്യോഗസ്ഥനും അടിമാലി സ്വദേശിയുമായ സജീവന് പണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഇടപെടലിലൂടെ പണം തിരികെ ലഭിച്ചതിലുള്ള സന്തോഷം സജീവന്‍ പങ്ക് വച്ചു. നന്മയുടെ മുഖമായി മാറിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ചെറിയൊരു പാരിതോഷികം നല്‍കിയാണ് സജീവന്‍ മൂവരേയും യാത്രയാക്കിയത്. പണം തിരികെ നല്‍കാന്‍ മനസുകാണിച്ച അപ്പുവിനേയും ഷാനവാസിനേയും വിനയനേയും അടിമാലി പൊലീസും അഭിനന്ദിച്ചു.