ഇടുക്കി: പൂപ്പാറയിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് സ്വദേശി ജെ സെൽവ (20) ആണ് മരിച്ചത്. പൂപ്പാറ പെട്രോൾ പമ്പിന് സമീപം സെല്‍വ ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
രാവിലെ ഒൻപത് മണിയോട് കൂടിയാണ് അപകടം സംഭവിച്ചത്. സെൽവയും സുഹൃത്ത് മഹേഷും പച്ചക്കറികൾ വാങ്ങുന്നതിനായി പൂപ്പാറയിലേക്ക് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പൂപ്പാറ പമ്പിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ഓടയിലേക്ക് പതിക്കുകയായിരുന്നു.
തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സെൽവയെ ഉടന്‍ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മഹേഷ് മാടസ്വാമി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.