ഇടുക്കി : മറയൂർ പള്ളനാട്ടിൽ യുവാവിനെ മർദിച്ച സ്‌ത്രീകള്‍ക്കെതിരെ വധശ്രമത്തിന് കേസ്. അയല്‍വാസിയുമായി ഇവര്‍ക്കുള്ള സ്ഥലത്തര്‍ക്ക വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ സഹോദരിമാരായ 4 പേര്‍ കയ്യേറ്റം ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 308ാം വകുപ്പ് പ്രകാരമാണ് കേസ്.
ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ(36) എന്നിവരാണ് യുവാവിനെ ആക്രമിച്ചത്. മറയൂർ ബാബുനഗർ സ്വദേശി മോഹൻരാജി(40)ന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് മര്‍ദനമേറ്റത്. കാപ്പിക്കമ്പ് ഉപയോഗിച്ച് ശരീരമാസകലം അടിക്കുകയായിരുന്നു.
പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനിതകളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്‌ത്രീകളുടെ കുടുംബവും അയല്‍വാസിയായ രൂപനും തമ്മിലുള്ള സ്ഥലത്തര്‍ക്ക കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും സ്റ്റേ വാങ്ങാന്‍ മോഹൻ രാജ് സഹായിച്ചിരുന്നു. ഈ വൈരാഗ്യമാണ് അടിയിൽ കലാശിച്ചത്.
ആക്രമണത്തിന്‍റെ വീഡിയോ വൈറല്‍
ശനിയാഴ്ച ദേവികുളം കോടതിയിൽ നിന്നുള്ള കമ്മിഷനും അഭിഭാഷകനും സ്ഥലത്തെത്തുന്നതിന് കാത്തുനില്‍ക്കുമ്പോള്‍ രൂപനെ യുവതികൾ ആക്രമിച്ചു. ഇത് തടയാന്‍ ചെന്ന മോഹൻരാജിൻ്റെ നേര്‍ക്കായി പിന്നീട് ആക്രമണം. സംഘർഷം നടക്കുന്നതിനിടയിലാണ് കമ്മിഷനും അഭിഭാഷകനും സ്ഥലത്തെത്തിയത്.
പരിക്കേറ്റ മോഹന്‍രാജിനെ ഇവരുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറയൂർ ഇൻസ്പെക്‌ടര്‍ പി.ടി.ബി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവാവിനെ ആക്രമിക്കുന്നതിൻ്റെ വീഡിയോ സമീപവാസികൾ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഇത്, സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കാപ്പിക്കമ്പ് ഉപയോഗിച്ച് നാല് സ്ത്രീകളും യുവാവിനെ ഓടിച്ചിട്ട് മർദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ALSO READ: 'ഗുലാബ്' മണിക്കൂറുകള്‍ക്കകം ആന്ധ്ര - ഒഡിഷ തീരം തൊടും; ജാഗ്രത നിര്‍ദേശമിറക്കി കേന്ദ്രം