തിരുവനന്തപുരം: കിടപ്പിലായവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണ് ആശ്വാസകിരണം. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്തവരെ പരിചരിക്കുന്നവര്‍ക്കുള്ള ഈ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് വര്‍ഷം. ആശ്വാസകിരണം എന്ന പേരില്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ഈ പെൻഷന്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍, നിലവിലെ സര്‍ക്കാരിന്‍റെ അവഗണനയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍ നേരിടുന്നത്.
ഒന്നാം പിണറായി സര്‍ക്കാര്‍ ആശ്വാസകിരണം തുക ഉയര്‍ത്തിയെങ്കിലും 2018 മുതല്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ വിതരണം ചെയ്യാന്‍ പണമില്ലെന്നാണ് സാമൂഹിക സുരക്ഷാമിഷന്‍ നല്‍കുന്ന വിശദീകരണം. ഭിന്നശേഷിക്കാര്‍ക്ക് 1600 രൂപയാണ് സര്‍ക്കാര്‍ പെൻഷനായി നല്‍കുന്നത്. ഇവരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപയായിരുന്നു നല്‍കിയിരുന്നത്.
ഭിന്ന ശേഷിക്കാര്‍ക്കായി സംവരണങ്ങളും തൊഴിലുകളും നല്‍കുന്നുണ്ടെങ്കിലും അതുപോലും ലഭിക്കാത്തവരാണ് ഇവരെ പരിചരിക്കുന്നവര്‍. 40 വയസിന് മുകളില്‍ പ്രായം കടന്നവരെ പോലും കുഞ്ഞുങ്ങളെപ്പോലെ നോക്കി പരിചരിക്കുന്നവരാണ് ഈ വിഭാഗം. പലരുടെയും ആശ്രയം പ്രായമായ മാതാപിതാക്കളാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അര്‍ഹതപ്പെട്ട പെന്‍ഷന്‍ പോലും ഇവര്‍ക്ക് ലഭിക്കാതിരിക്കുന്നത്.