ഇടുക്കി: ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ നിന്നും മലയാള സാഹിത്യ ലോകത്ത് എത്തി വിജയം കുറിച്ചിരിക്കുകയാണ് അശോക മണിയെന്ന അശോകന്‍ മറയൂര്‍. 'പച്ചവ്ട്' എന്ന കവിതാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാര നിറവിലാണിപ്പോള്‍ അശോകൻ. ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയില്‍ ധനമന്ത്രി തോമസ് ഐസക്കും അശോകന്‍ മറയൂരിന്റെ കവിതാശകലങ്ങള്‍ കടമെടുത്തിരുന്നു.
പതിനാറ് വര്‍ഷത്തെ എഴുത്തിന്‍റെ ചരിത്രമുള്ള പച്ചവ്ട് എന്ന കവിതാ സമാഹാരത്തിൽ 150ഓളം ചെറുകവിതകളാണ് ഉള്ളത്. പ്രകൃതിയുടെ മണമുള്ള കവിതകളാണ് അശോകന്‍ മറയൂരിന്റേത്. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ജീവിതാനുഭവങ്ങള്‍ അശോകന്റെ കവിതകള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം. ആദ്യം ഇടമലക്കുടിക്കാരനായിരുന്ന അശോകൻ ഗോത്രമേഖലക്ക് പുറത്തേക്ക് പിന്നീട് താമസം മാറ്റുകയായിരുന്നു. ഇടമലക്കുടിയില്‍ എസ്‌ടി പ്രൊമോട്ടറായി ജോലി ചെയ്‌തു വരികയാണ്. പന്ത്രണ്ടാം ക്ലാസ് വരെയാണ് അശോകന്‍റെ വിദ്യാഭ്യാസം. എന്നിട്ടും ജീവിതപശ്ചാത്തലങ്ങളിൽ നിന്നും ചുവടുപിടിച്ച വരികള്‍ക്ക് പാണ്ഡിത്യത്തിന്‍റെ ആഴമുണ്ട്. മലയാളത്തിന് പുറമെ ഗോത്രഭാഷയിലും അശോകന്‍ കവിതകള്‍ എഴുതിപ്പോരുന്നു.
അധ്യാപകനായിരുന്ന പി. രാമനായിരുന്നു എഴുത്തിന്റെ വിത്തുകള്‍ അശോകനില്‍ മുളപ്പിച്ചത്. ഇതിനോടകം ആയിരത്തിലധികം കവിതകള്‍ എഴുതിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് ഗോത്ര ഭാഷയില്‍ കവിതാസമാഹാരം പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിച്ചയാളാണ് അശോകൻ മറയൂർ. ഗവേഷണ വിദ്യാർഥികളും അശോകന്‍റെ കവിതകള്‍ പഠന വിധേയമാക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കിയ ഇന്ത്യന്‍ ലിറ്ററസിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിത എന്ന വിഭാഗത്തിലും ഈ സാഹിത്യകാരന്‍റെ കവിത ഇടം പിടിച്ചു.