ഇടുക്കി: വഴിയാത്രക്കാരനെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി അജ്മല്‍ നിസാമുദ്ദിനെയാണ് അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസമായിരുന്നു കുരിശുപാറയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാക്കളുടെ സംഘം സാബുവിനെ നടുറോഡില്‍ വച്ച് ആക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. സാബുവിന്റെ വീടിനോട് ചേര്‍ന്ന ഹോംസ്‌റ്റേയിലായിരുന്നു യുവാക്കള്‍ താമസിച്ചിരുന്നത്. രാത്രിയില്‍ യുവാക്കള്‍ ബഹളമുണ്ടാക്കിയതിനെ സാബു ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന നിലയിലായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് സാബു അടിമാലി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘത്തില്‍ ഉള്‍പ്പെട്ട അജ്മലിനെ കസ്റ്റഡിയില്‍ എടുത്തത്. അജ്മലിനെ സാബു സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കൂടി പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി ഉണ്ടാകണമെന്നും സാബു ആവശ്യപ്പെട്ടു. സംഭവം നടന്ന ശേഷം രക്ഷപ്പെട്ട പ്രതികളെ സംബന്ധിച്ച് പൊലീസിന് ആദ്യം കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഹോംസ്‌റ്റേ നടത്തിപ്പുകാരനും സാബുവും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അജ്മലിനെ കസ്റ്റഡിയില്‍ എടുത്തത്.