ഇടുക്കി: അര്‍ജുൻ കൃഷ്‌ണയ്ക്ക് സ്‌കൂളില്‍ പോകണം, കൂട്ടുകാരുമൊത്ത് കളിയ്‌ക്കണം. എന്നാല്‍ 'മസ്‌കുലര്‍ ഡിസ്‌ട്രോഫി' എന്ന അപൂര്‍വ രോഗം മൂലമുള്ള വേദന കാരണം സ്‌കൂളിലേയ്ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇടുക്കി പൊന്നാമല സ്വദേശിയായ ഈ പതിനൊന്നുകാരൻ. സാമ്പത്തിക പരാധീനതകള്‍ മൂലം മകന് മികച്ച ചികിത്സ ലഭ്യമാക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല.
നെടുങ്കണ്ടം പൊന്നാമല സ്വദേശികളായ ചിറയ്ക്കല്‍ ഷിബു-രമ്യാ ദമ്പതികളുടെ മൂത്ത മകനായ അർജുന്‍, ബഥേല്‍ സെന്‍റ് ജേക്കബ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കൂട്ടുകാരെല്ലാം സ്‌കൂളിലെത്തിയെന്നറിഞ്ഞപ്പോള്‍ മുതല്‍ അര്‍ജുനും കാത്തിരിക്കുകയാണ് സ്‌കൂളിലെത്താന്‍. വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. പ്രധാന പാതയിലേയ്ക്കുള്ള റോഡിന്‍റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങള്‍ കടന്നു വരാത്തതിനാല്‍ അര്‍ജുനെ സ്‌കൂളില്‍ അയക്കാനും സാധിക്കുന്നില്ല.
രണ്ടാം വയസിലാണ് മകന്‍റെ അപൂര്‍വ രോഗം മാതാപിതാക്കൾ തിരിച്ചറിയുന്നത്. അന്ന് മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി. നിലവില്‍ ആയൂര്‍വേദ ചികിത്സയാണ് നല്‍കുന്നത്. 18 വയസുവരെ തുടര്‍ചികിത്സ നല്‍കണം. എന്നാല്‍ കൂലിവേലക്കാരായ ഷിബുവിനും രമയയ്ക്കും ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്.
ALSO READ: സിപിഎം സംസ്ഥാന സമ്മേളനം: പൊലീസിലെ കുഴപ്പക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റി - പ്രതിനിധികള്‍
ഒരു മുറിയും അടുക്കളയും മാത്രമുള്ള ഇടുങ്ങിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. മകനായി നല്ലൊരു മുറി പോലും പണിതുനല്‍കാന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് മാതാപിതാക്കള്‍. ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ ഈ നിര്‍ധന കുടുംബത്തിന് വീട് അനുവദിച്ച് നല്‍കിയിട്ടില്ല.
അര്‍ജുന് എഴുന്നേറ്റ് നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ എപ്പോഴും ഒരാള്‍ കൂട്ടിരിക്കേണ്ട സാഹചര്യവുമുണ്ട്. ഒരു വീല്‍ചെയര്‍ പോലും ഇല്ലാത്തതിനാലാണ് അര്‍ജുനെ സ്‌കൂളില്‍ അയക്കാന്‍ സാധിക്കാത്തത്. കൂട്ടുകാര്‍ക്കൊപ്പം അറിവിന്‍റെ ലോകത്ത് ഉല്ലസിക്കാന്‍ അര്‍ജുനും ആഗ്രഹമുണ്ട്. കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവര്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.