ഇടുക്കി: അനുകൂല കോടതിവിധി എത്തിയതോടെ അരിക്കൊമ്പൻ വിഷയവുമായി ജനകീയ സമര സമിതി സിങ്ക്കണ്ടത്ത് നടത്തിവന്നിരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത് കഴിഞ്ഞ ആറ് ദിവസമായി നീണ്ടു നിന്നിരുന്ന സമരമാണ് അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് എത്തിയതോടെ അവസാനിപ്പിച്ചത്. അരിക്കൊമ്പനുള്ള മയക്കു വെടി താത്‌കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് എത്തിയത് മുതൽ തുടങ്ങിയതാണ് ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികൾ.
ഹൈക്കോടതി വിധി വന്ന ആദ്യദിനം ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക ഹർത്താൽ ഉണ്ടായിരുന്നു. ആദ്യ ദിനം മുതൽ സിങ്ക്‌കണ്ടത്തെ തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും കുട്ടികളുമായി രാപ്പകൽ സമരത്തിലേക്ക് നീങ്ങി. രാത്രികാലങ്ങളിൽ വീടുകളിലേക്ക് മടങ്ങാതെ പ്രതിഷേധക്കാർ സമരപ്പന്തലിൽ തുടർന്നു. അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു സമരക്കാർ.
വിഷയം പഠിക്കാൻ ഹൈക്കോടതി വിദഗ്‌ധ സമിതിയെ നിയോഗിക്കുകയും വിദഗ്‌ധ സമിതിയെത്തി അരിക്കൊമ്പൻ ജനജീവിതത്തിന് പ്രശ്‌നമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. ജനങ്ങൾക്ക് അനുകൂലമായി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെ അരിക്കൊമ്പനെ ഇവിടെ നിന്നും മയക്കു വെടി വച്ച് പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവെത്തി. ഇതോടെ സമരസമിതി സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നത്തെയും പോലെ ഉച്ചയ്ക്കുള്ള ഭക്ഷണം ഒന്നിച്ചിരുന്ന് കഴിച്ച അവകാശം നേടിയെടുത്ത ആത്മസംതൃപ്‌തിയോടെയാണ് ഇവർ മടങ്ങുന്നത്. മലയോരത്തിന്‍റെ ഒരു മൂലയിൽ നടന്ന സമരത്തിന് സംസ്ഥാനത്തെ അറുപതോളം വരുന്ന കർഷക സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. ഒപ്പം നിന്നവരോട് ഏറെ നന്ദി ഉണ്ടെന്ന് സമരസമിതി അറിയിച്ചു.
'ജനങ്ങളുടെ ജീവന് വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ കോടതി വിധിയാണിത്. വളരെ സന്തോഷം തോന്നുന്നു', ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് സിനി പ്രതികരിച്ചു. എന്നാൽ അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിനൊപ്പം ആക്രമണകാരികളായ മറ്റ് കാട്ടാനകളെയും പിടിച്ചു മാറ്റണമെന്ന് ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒപ്പം കുടിയൊഴിപ്പിക്കൽ നീക്കം ഒഴിവാക്കി തങ്ങൾക്ക് പട്ടയം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.