ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണങ്ങൾ നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ റിസേർവിൽ തുറന്ന് വിട്ടെങ്കിലും ചിന്നക്കനാൽ നിവാസികൾക്ക് കാട്ടാന ആക്രമണത്തിൽ നിന്ന് മോചനമില്ല. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപം രാജന്‍റെ ഉടമസ്ഥതയിലുള്ള ഷെഡ് ഇന്ന് പുലർച്ചെ ആന കൂട്ടം തകർത്തു.
ഷെഡ് ആക്രമിച്ച ആനകൂട്ടം വിലക്കിലെ ചോലവന മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നതായി നാട്ടുകാർ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് രാജന്‍റെ ഷെഡിന് നേരെ ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമണത്തിൽ ഷെഡ് പൂർണ്ണമായും തകർന്നു.
ആക്രമണ സമയത്ത് വീട്ടുകാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഈ കാരണത്താൽ വൻ ദുരന്തം ഒഴിവായി. മുൻപും ഈ ഷെഡിന് നേരെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയ മേഖലയിൽ ചക്കകൊമ്പന്‍റെ നേതൃത്വത്തിൽ കാട്ടാന കൂട്ടം ചുറ്റി തിരിയുന്നതായാണ് നാട്ടുകാർ പറയുന്നത്.
സമീപവാസിയായ ആലീസിന്‍റെ കൃഷിയിടത്തിലെ വാഴ കൃഷിയും ആന കൂട്ടം തകർത്തു. നിലവിൽ വിലക്കിലെ ചോല വന മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് ആന കൂട്ടം. അരികൊമ്പനെ പിടിച്ചു മാറ്റിയ ശേഷം ദൗത്യ മേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന കാട്ടാന കൂട്ടമാണ് ആക്രമണം നടത്തുന്നത്. വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാൻ ഉന്നത തല യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.