ഇടുക്കി: കട്ടപ്പന നഗരസഭയെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിനെയും ഉൾപ്പെടുത്തി അഞ്ചുരുളി-കല്യാണത്തണ്ട് ടൂറിസം ഹബിന് ജീവൻ വയ്ക്കുന്നു. പ്രോജക്‌ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുവാൻ തീരുമാനമായി. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ മുതൽകൂട്ടാണ് ഉണ്ടാവുക.
ജില്ലയിലെ ആഭ്യന്തര ടൂറിസം രംഗത്ത് വളർച്ച കൈവരിക്കുവാൻ സഹായിക്കുന്ന രണ്ട് പ്രദേശങ്ങളാണ് അഞ്ചുരുളിയും കല്യാണത്തണ്ടും. തദ്ദേശസ്ഥാപനങ്ങൾ പലപ്പോഴായി ടൂറിസ്റ്റ് ഹബുകൾക്കുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ തടസ്സവാദങ്ങളുമായി വന്നതാണ് പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കെത്തിയത്. ഒരു ഇടവളേയ്ക്ക് ശേഷം ടൂറിസം സാധ്യതകളുമായി ജനപ്രതിനിധികൾ ഒറ്റക്കെട്ടായി സംസ്ഥാന സർക്കാരിനെ ഈ വിഷയം ധരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ജില്ലയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ നിർദേശപ്രകാരം കട്ടപ്പനയിൽ സംയുക്ത യോഗം ചേർന്നു. യോഗത്തിൽ ചർച്ച ചെയ്ത ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും സമർപ്പിക്കാനാണ് തീരുമാനം. പദ്ധതി യാഥാർഥ്യമായാൽ കൂടുതൽ സഞ്ചാരികൾ ഇടുക്കി ജലാശയത്തിൻ്റെ ഭംഗി ആസ്വദിക്കുവാൻ എത്തുമെന്ന് ഉറപ്പാണ്.