ഇടുക്കി: പടയപ്പയെ പ്രകോപിപ്പിച്ച ആളുകൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ രംഗത്ത്. സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവലിറ്റി റ്റു ആനിമൽസ് എന്ന സംഘടനയാണ് പരാതി നൽകിയത് (Animal Lovers Complaint Against Who Provoked Padayappa) ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഇടുക്കി എസ്‌പി, വനം വകുപ്പ് മന്ത്രി, ഡിഎഫ്ഒ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് മൃഗസ്നേഹികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആനയെ പ്രകോപിപ്പിച്ച് കൊലയാളി ആനയായി ചിത്രീകരിച്ച് കൂട്ടിൽ അടയ്ക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് മൃഗ സ്നേഹികളുടെ സംഘടന ആരോപിക്കുന്നു. കുണ്ടള എസ്റ്റേറ്റിൽ ശാന്തനായി എത്തിയ ആനയെ ചില യുവാക്കൾ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കി പ്രകോപിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു.
കൃഷികൾക്കും കടകൾക്കും നാശ നഷ്‌ടമുണ്ടാക്കുമെങ്കിലും പടയപ്പ ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. പ്രകോപനത്തെ തുടർന്ന് പടയപ്പ മുന്നോട്ട് വന്നെങ്കിലും ആരെയും ആക്രമിക്കുന്നതായി ദ്യശൃങ്ങളിലില്ല. കാട്ടുകൊമ്പന്‍ പടയപ്പ തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പിന്‍വാങ്ങാതെ നാട്ടിൽ വിഹരിക്കുന്നുണ്ട്.
ഇതിനൊപ്പമാണ് വേറെയും കാട്ടാനകള്‍ ഇറങ്ങി എസ്റ്റേറ്റ് മേഖലയില്‍ നാശം വിതയ്ക്കുന്നത്. മുന്‍ കാലങ്ങളില്‍ കനത്ത വേനൽ കാലങ്ങളിലാണ് തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിച്ചിരുന്നത്. ഇപ്പോള്‍ തുടര്‍ച്ചയായി ആനകളുടെ ആക്രമണം ഉണ്ടാകുന്നത് തൊഴിലാളി കുടുംബങ്ങളെ വലയ്ക്കുന്നുണ്ട്.
മൂന്നാറിൽ കാട്ടാന ആക്രമണം തുടർ കഥയാകുന്നു, ആക്രമണം റേഷൻ കടയ്‌ക്കും പലചരക്ക് കടയ്‌ക്കും നേരെ
മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടം റേഷന്‍കടയും പലചരക്ക് കടയും തകര്‍ത്തു. പ്രദേശത്തെ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ഏഴാം തവണയാണ്.
ലാക്കാട് എസ്‌റ്റേറ്റിലാണ് ഒടുവില്‍ കാട്ടാന ആക്രമണം ഉണ്ടായിട്ടുള്ളത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ റേഷന്‍കടയും പലചരക്ക് കടയും തകര്‍ത്തു. നാല് വലിയ ആനകളും ഒരു കുട്ടിയാനയും അടങ്ങുന്ന കാട്ടാനകൂട്ടമാണ് ആക്രമണം നടത്തിയത്. പുലർച്ചെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.