ഇടുക്കി: മധുര-ബോഡിനായ്‌ക്കന്നൂര്‍ റെില്‍പാതയില്‍ നടത്തിയ അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള ഭാഗത്തായി നടത്തിയ പരീക്ഷണ സര്‍വീസാണ് വിജയം കണ്ടത്. നാലുബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചത്.
ആണ്ടിപ്പെട്ടി-തേനി ഭാഗത്തെ 17 കിലോമീറ്റര്‍ ദൂരത്താണ് പരീക്ഷണം ഓട്ടം നടന്നത്. ഇത് വിജയിച്ചതോടെ മധുര മുതല്‍ തേനി വരെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. മധ്യമേഖല റെയിൽവേ സുരക്ഷാ കമ്മിഷണർ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിൽ പരിശോധന നടത്തിയ ശേഷമാണ് ട്രെയിൻ ഓടിക്കുന്നതിനുള്ള അനുമതി നൽകിയത്.
പാത ബ്രോഡ്ഗേജ് ആക്കാൻ 2010 ഡിസംബർ 31ന് ട്രെയിൻ സർവീസ് നിർത്തി. 450 കോടി രൂപ ചെലവിട്ടാണ് പാത ബ്രോഡ്‌ഗേജാക്കുന്നത്. മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ പണികൾ രണ്ടു ഘട്ടമായി പൂർത്തിയാക്കി നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
തേനി മുതല്‍ ബോഡിനായ്‌ക്കര്‍ വരെയുള്ള പാതയുടെ 17കിലോമീറ്റര്‍ നിര്‍മാണം കൂടി ഇനി പൂര്‍ത്തിയാകാനുണ്ട്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഇടുക്കിയിലെ വിനോദസഞ്ചാരമേഖലയ്‌ക്കും വ്യാപരരംഗത്തിനും ഗുണകരമാകുമെന്ന വിലയിരുത്തലാണുള്ളത്. നിലവില്‍ പണി പൂര്‍ത്തിയാകുന്ന പാത കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ലോവര്‍ ക്യാമ്പ് വരെ നീട്ടണമെന്ന ആവശ്യവും വിവിധ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.