പ്രളയത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച ആനവിരട്ടി സർക്കാർ എൽ.പി സ്കൂൾ ഉടൻതന്നെ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്ത് .വിദ്യാലയത്തിന്റെ കേടുപാടുകൾ പരിഹരിച്ചെങ്കിലും ഫിറ്റ്നസ് ലഭിക്കാത്തതിന്‍റെ പേരിലാണ് സ്കൂൾതുറന്ന് പ്രവർത്തിക്കാൻ വൈകുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത അധ്യയനവർഷം വിദ്യാലയത്തിൽ നിന്നും കുട്ടികൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകും എന്നും രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസം ആയിരുന്നു സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതേ തുടർന്ന് സ്കൂളിന്‍റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിലെ ഭിത്തി ഇളകി ബലക്ഷയം സംഭവിച്ചതോടെ സ്കൂളിന്‍റെ പ്രവർത്തനം താൽക്കാലികമായി കൂമ്പൻപാറ സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. നിലവിൽ വിദ്യാലയത്തിന് സംഭവിച്ച ബലക്ഷയം പരിഹരിക്കുകയും മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുകയും ചെയ്തിട്ടും, സ്കൂളിന്റെ പ്രവർത്തനം പഴയ കെട്ടിടത്തിലേക്ക് മാറ്റാൻ കാലതാമസം നേരിടുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത അധ്യയനവർഷം വിദ്യാലയത്തിൽനിന്ന് കുട്ടികൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകും എന്നും രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ നിർമ്മാണം പൂർത്തീകരിച്ചിട്ടും പ്രവർത്തനാനുമതി ലഭിക്കാത്തതാണ് സ്കൂൾ കെട്ടിടം മാറ്റാൻ തടസം. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന സംരക്ഷണ ഭിത്തിക്ക് മുകളിൽ കൂടുതൽ മണ്ണ് നീക്കി മറ്റൊരു ഭിത്തി നിർമ്മിച്ചാൽ മാത്രമേ വിദ്യാലയം പൂർണമായും സുരക്ഷിതമാകു. എന്നാൽ മാത്രമേ പ്രവർത്തനാനുമതി ലഭിക്കുകയുള്ളു എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.