ഇടുക്കി : സഞ്ചാരികളുടെ വരവ് നിലച്ചതോടെ നിശ്ചലമായി മൂന്നാറിലെ ടൂറിസം മേഖല. വരുമാന മാര്‍ഗം ഇല്ലാതായതോടെ ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ അടിയന്തര സഹായം ഉണ്ടാകണമെന്ന ആവശ്യമാണ് വിവിധ മേഖലകളിൽനിന്നും ഉയരുന്നത്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം. കഴിഞ്ഞ ലോക്ക്ഡൗൺ പ്രതിസന്ധിയിൽ തളര്‍ന്നു പോയ ടൂറിസം മേഖല വീണ്ടും ഉണര്‍ന്നുവരുന്നതിനിടെ കോവിഡിന്‍റെ രണ്ടാം വരവ് ഈ രംഗത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ചെറുകിട വ്യാപാരികള്‍, ഹോട്ടല്‍ - റിസോര്‍ട്ട് മേഖലകളില്‍ പണിയെടുക്കുന്നവര്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി നൂറുകണക്കിന് പേരാണ് ഈ മേഖലയില്‍ ജോലി ചെയ്തുവരുന്നത്.
ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് മാത്രമാണ് ഇതില്‍ ഭൂരിപക്ഷം പേരും കഴിഞ്ഞുവന്നിരുന്നത്. ഇവരില്‍ പലരുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. ടൂറിസം സീസണ്‍ പ്രതീക്ഷിച്ച് വന്‍ തുക മുടക്കി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും നടത്താന്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത നൂറുകണക്കിനാളുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.