ഇടുക്കി: നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്‍റര്‍ നിര്‍ത്തലാക്കാനുള്ള ഗൂഢ നീക്കങ്ങളാണ് നടക്കുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാര്‍. ലാഭകരമായ നിരവധി സര്‍വീസുകള്‍ നിര്‍ത്തലാക്കി ഓപ്പറേറ്റിങ് സെന്‍റര്‍ നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓപ്പറേറ്റിങ് സെന്‍ററിന്‍റെ തുടര്‍ വികസനം ലക്ഷ്യംവെച്ച് മുന്‍പോട്ട് പോകണമെന്നും ശ്രീമന്ദിരം ശശികുമാര്‍ ആവശ്യപെട്ടു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നെടുങ്കണ്ടത്ത് ഓപ്പറേറ്റിങ് സെന്‍റര്‍ അനുവദിച്ചത്. ലോ ഫ്ലോര്‍ അടക്കം നിരവധി സര്‍വീസുകളാണ് അക്കാലഘട്ടത്തില്‍ ആരംഭിച്ചത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഗാരേജ്, ഓഫിസ് അടക്കമുള്ള സൗകര്യങ്ങളും ഡിപ്പോയ്‌ക്ക് ആവശ്യമായ സ്ഥലവും വിട്ടു നല്‍കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്തി ഭൂമി ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോലും കോര്‍പ്പറേഷന്‍ തയാറായില്ല. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെയാണ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ആദ്യ കാലഘട്ടത്തില്‍ ആരംഭിച്ച പല സര്‍വീസുകളും മനപൂര്‍വം നിര്‍ത്താലാക്കിയതാണെന്നും മുന്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശ്രീമന്ദിരം ശശികുമാര്‍ ആരോപിച്ചു. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു. ഡിപ്പോ ആയി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ഉണ്ടാവണമെന്നും നെടുങ്കണ്ടം കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ശ്രീമന്ദിരം ശശികുമാര്‍ പറഞ്ഞു.