വയനാട് : ചീരാലിൽ ഇറങ്ങിയ കടുവയെ പിടിക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കടുവയെ പിടികൂടുന്നതിനായി ഇന്നുമുതൽ(25-10-2022) കുങ്കിയാനകളെ എത്തിക്കും. പകൽ വെളിച്ചത്തിൽ പുലിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ പരിശോധന നടത്താൻ കൂടുതൽ സംവിധാനം ആവശ്യമാണ്.
രാത്രികാലങ്ങളിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നവയടക്കം 30 സിസിടിവി ക്യാമറകൾ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ക്യാമറകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പതോളം ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിച്ച് വരികയാണ്.
കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അടിയന്തര ഘട്ടത്തിൽ നടത്തേണ്ട പ്രവർത്തികൾ കാലതാമസമില്ലാതെ നിര്‍വഹിക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ രക്ഷിക്കുക എന്നതാണ് പ്രധാനം.
പുലിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ ഒരുക്കമാണ്. ജനങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ ദൗത്യം വിജയിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.