ഇടുക്കി: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 176.04 കോടി രൂപ ചിലവഴിച്ചതായി ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശൻ. 20 ന് നടക്കുന്ന പ്രളയാനന്തര പുനർനിർമാണ ഗുണഭോക്താക്കളുടെ സംഗമത്തിന് മുന്നോടിയായി കട്ടപ്പനയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് കലക്ടർ ഇതുവരെയുള്ള പ്രളയാനന്തര പ്രവർത്തനങ്ങളുടെ കണക്കുകൾ വിവരിച്ചത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 125.37 കോടി രൂപ ചിലവഴിച്ചപ്പോൾ ഭാഗീകമായി നാശനഷ്ടമുണ്ടായ 6735 പേർക്ക് 50.67 കോടി രൂപയും വിതരണം ചെയ്തു. കാലവർഷക്കെടുതിയിൽ വീട് നഷ്ടമായത് 1016 പേർക്കും വീടും സ്ഥലവും നഷ്ടപ്പെട്ടത് 628 പേർക്കുമാണ്. ഇനി 30 അപേക്ഷകളിൽ മാത്രമാണ് നടപടി സ്വീകരിക്കുവാനുള്ളതെന്നും ജില്ലാ കലക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി.
കെയർ ഹോം പദ്ധതിപ്രകാരം 212 പേർക്കാണ് വീട് അനുവദിച്ചിരിക്കുന്നത്. കൂടാതെ 131 പേർക്ക് സർക്കാർ ഭൂമിയും നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 442 വീടുകളുടേയും കെയർഹോം പദ്ധതിയിൽ ഉൾപ്പെട്ട 170 വീടുകളുടെയും നിർമാണം പൂർത്തിയായി. 20 ന് കട്ടപ്പനയിൽ നടക്കുന്ന സംഗമം വൈദ്യുതി മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യും. വീടുകളുടെ താക്കോൽ ദാനം, ഭൂമിയുടെ രേഖ കൈമാറ്റം എന്നീ ചടങ്ങുകളും സംഗമത്തിൽ നടക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത നാൽപ്പതിലധികം സന്നദ്ധ സംഘടനകളെയും ചടങ്ങിൽ ആദരിക്കും.