ഇടുക്കി: കനത്ത മഴയിൽ കട്ടപ്പനയാറിലെ ഇരുപതേക്കർ ഭാഗത്ത് നിറഞ്ഞുകിടന്ന ആഫ്രിക്കൻ പോള ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഒഴുകി പോയത് ആശങ്ക സൃഷ്ടിക്കുന്നു. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തുന്ന അഞ്ചുരുളി ഭാഗത്തേക്കാണ് പോള ഒഴുകിപ്പോയത്. ഇവ അണക്കെട്ടിൽ വ്യാപിച്ചാല്‍ ഭാവിയില്‍ വൈദ്യുതി ഉത്പാദനം തടസ്സം നേരിടാനുള്ള സാധ്യതയേറെയാണ്.
കട്ടപ്പനയാറിലെ ഇരുപതേക്കര്‍ പാലം മുതല്‍ താഴേക്കുള്ള ഭാഗത്താണ് പോള എന്നറിയപ്പെടുന്ന കുളവാഴ നിറഞ്ഞിരുന്നത്. ജലജീവികൾക്കും, ജലസസ്യങ്ങൾക്കും ഭീഷണിയാകുന്ന ഇവയ്ക്ക് ഏറെ ദൂഷ്യവശങ്ങൾ ഉള്ളതിനാൽ നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ തീരുമാനിച്ചിരുന്നു. നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച ശേഷമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മഴവെള്ള പാച്ചിലിൽ പോള ഒഴുകി അഞ്ചുരുളി ജലാശയത്തിൽ എത്തുമോ എന്ന ആശങ്ക ഉണർത്തുന്നുണ്ട്. ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേക്കാണ് ഇവ എത്തുന്നത്. ഒരു പോളയിൽ നിന്ന് പുതിയ മുളകൾ ഉണ്ടായും വിത്തുകൾ ഉൽപാദിപ്പിച്ചും ഇവ വേഗത്തിൽ വ്യാപിക്കുന്നതിനാൽ ആഴ്ചകൾ കൊണ്ട് ഇരട്ടിയാകുന്നവയാണ്.