ഇടുക്കി: തമിഴ്‌നാട് കമ്പത്ത് അഭിഭാഷകനെ കാറിടിപ്പിച്ച ശേഷം വെട്ടിക്കൊന്നു. ഉത്തമ പാളയം കോടതി അഭിഭാഷകൻ രഞ്ജിത്ത് (42) ആണ് കൊല്ലപ്പെട്ടത്. കോടതിയിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന അഭിഭാഷകനെ പിന്തുടർന്നെത്തിയ സംഘം കാറിടിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊട്ടാരക്കര - ദിണ്ഡുങ്കൽ ദേശീയ പാതയിൽ കമ്പം ഗോവിന്ദൻപെട്ടിയിൽ വെച്ചാണ് സംഭവം നടന്നത്. രണ്ടു പേരാണ് കൊല നടത്തിയതെന്നാണ് സൂചന. നിരവധി തവണ വെട്ടേറ്റ അഭിഭാഷകൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവശേഷം പ്രതികൾ കാറിൽകടന്നു കളഞ്ഞു. ഫോണിൽ വധഭീഷണി മുഴക്കുന്നതായി പൊലീസിൽ അഭിഭാഷകൻ നേരത്തെ പരാതി നൽകിയിരുന്നു. തേനി എസ്.പി സയ് ശരൺ സംഭവസ്ഥലം സന്ദർശിച്ചു. മൂന്നംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.