ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിലെ ഗ്രൗണ്ട് നിർമാണവുമായി ബന്ധപ്പെട്ട പ്രചാരണം തങ്ങളെ അപകീർത്തിപ്പെടുത്താനെന്ന് ആദിവാസി വിഭാഗം. പൂർവികരുടെ കാലത്തുള്ള മൈതാനത്ത് അറ്റകുറ്റപ്പണികൾ മാത്രമാണ് ചെയ്തതെന്നും കോളനി നിവാസികൾ.
വന്യജീവി സങ്കേതത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടത്തിയെന്ന് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇവിടുത്തെ ആദിവാസികൾ രംഗത്ത് എത്തിയത്. കഴിഞ്ഞ പ്രളയ കാലത്ത് കല്ലും മണ്ണും വന്നടിഞ്ഞ് ഉപയോഗ ശൂന്യമായ മൈതാനത്ത് അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് തങ്ങൾ ചെയ്തത്. ഊരാളി വിഭാഗത്തിൽപ്പെട്ട 85 കുടുംബങ്ങളാണ് വഞ്ചിവയലിൽ താമസിക്കുന്നത്. ഇവിടെയുള്ള കുട്ടികൾക്ക് കായിക വിനോദത്തിനും ഊരിലെ മറ്റ് വിശേഷ ചടങ്ങുകൾക്കും ഈ മൈതാനം മാത്രമാണ് ഉള്ളത്. ഊരുകൂട്ടം, ഇക്കോ ഡവലപ്‌മെന്‍റ് കമ്മിറ്റി എന്നിവയുടെ തീരുമാനപ്രകാരമാണ് മൈതാനത്ത് അറ്റകുറ്റപ്പണി ചെയ്തതെന്നും ഇവർ പറഞ്ഞു. വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ ഒരു മരം പോലും നശിപ്പിക്കാതെയാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും ഇവർ പറഞ്ഞു.