ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയാണ്. പഞ്ചായത്ത് പരിധിയില്‍ ഇതുവരെ 465 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആരോഗ്യവകുപ്പ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ആന്‍റിജന്‍ പരിശോധന സംഘടിപ്പിച്ചു. പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുള്ളതാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്നും ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഇ.ബി ദിനേശന്‍ പറഞ്ഞു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ 32 ഓളം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 3195 ആന്‍റിജന്‍ പരിശോധനയും 3181 ആര്‍ടിപിസിആര്‍ പരിശോധനയുമടക്കം 6376 സാമ്പിളുകള്‍ പഞ്ചായത്ത് പരിധിയില്‍ ആരോഗ്യ വകുപ്പ് നടത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം പഞ്ചായത്ത് പരിധിയില്‍ 110 ഓളം ആളുകള്‍ നിലവില്‍ കൊവിഡ് രോഗികളാണ്. 80 ശതമാനത്തോളം ആളുകള്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.