ഇടുക്കി: കൊവിഡ് ജാഗ്രത കണക്കിലെടുത്ത് അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ക്രമീകരിച്ചു. പതിനാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍വാലി ടൂറിസ്റ്റ് ഹോമാണ് സെന്‍ററിനായി ഏറ്റെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 204 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. വേണ്ടി വന്നാല്‍ ഇരുമ്പുപാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടത്തിലും പഞ്ചായത്ത് ചികിത്സാ കേന്ദ്രം ക്രമീകരിക്കും.
പുതിയതായി പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളെ ഇനി മുതല്‍ പതിനാലാം മൈലിലെ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ എത്തിച്ചായിരിക്കും ചികിത്സ നല്‍കുക. റിസപ്ഷന്‍, വിശ്രമ സ്ഥലം, രജിസ്ട്രേഷന്‍ ഏരിയ, കണ്‍സള്‍ട്ടിങ് റൂം, ഒബ്സര്‍വേഷന്‍ റൂം, ടെലി മെഡിസിന്‍ സൗകര്യം, ഫാര്‍മസി, ഭക്ഷണം, കുടിവെള്ളം, ശുചിമുറി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും സെന്‍ററില്‍ ഒരുക്കിയിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.