ഇടുക്കി: ജില്ലയിലെ കൊവിഡ് വ്യാപനം, മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ഓണ്‍ലൈന്‍ അവലോകന യോഗം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിന് ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഇന്ന് നടന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റോഷി അഗസ്റ്റിന്‍ ആവശ്യപെട്ടു.
ALSO READ:കേരളത്തിൽ മണ്‍സൂൺ മെയ് 31ന് എത്തും ;അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
പൊതുജന സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. ഓടകളിലെ നീരൊഴുക്ക് സുഗമമല്ലാത്തതിനാല്‍ റോഡിന്‍റെ സുരക്ഷാ ഭിത്തിയ്ക്ക് ഭീഷണി ഉണ്ടെന്നും എം പി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏത് അത്യാഹിത ഘട്ടങ്ങളേയും നേരിടാന്‍ കൂടുതല്‍ ഏകോപനത്തോടെ ഏല്ലാവരും മുന്നിട്ടറിങ്ങണമെന്ന് എം.എം മണി എംഎല്‍എ നിര്‍ദേശിച്ചു.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു നീക്കാനും , ഓടകളിലെ മാലിന്യം നീക്കി റോഡിലേക്കു ജലം ഒഴുകുന്നത് തടയാനും , നദികളുടെ നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചു