ഇടുക്കി: കൊവിഡിന്‍റെയും ലോക് ഡൗണിന്‍റെയും കാലത്ത് കൃഷിയെ മുറുകെപ്പിടിച്ച് സമ്മിശ്ര കൃഷി എന്ന ആശയത്തിലൂടെ വിജയം കൈവരിച്ചിരിക്കുകയാണ് ഒരു കുടുംബം. ഉപ്പുതറ വെള്ളാശ്ശേരിൽ സജിയും കുടുംബവും ആണ് സമൂഹത്തിന് തന്നെ മാത്യകയായ ആ കർഷകർ.
സ്വന്തമായുള്ള ഒരേക്കർ ഭൂമിയിലാണ് സമ്മിശ്ര കൃഷി നടത്തി ഈ കർഷകൻ വിജയം കൈവരിച്ചിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞതാണ് ഇവരുടെ കൃഷിരീതികൾ. ഏലവും റബ്ബറുമാണ് സജിയുടെ പ്രധാന കൃഷി. റബ്ബറിന് ഇടവിളയായാണ് ഏലം കൃഷി ചെയ്യുന്നത്. ഇവരുടെ സമ്മിശ്ര കൃഷിയിലെ പ്രധാന ആകർഷണമാണ് മീൻ വളർത്തൽ. നാല് കുളങ്ങളിലായാണ് സജി മീൻ വളർത്തുന്നത്. സഹായത്തിന് മകൻ ദേവനന്ദനും ഒപ്പമുണ്ട്. ഒരു കുളം നിറയെ മീനുകൾ, തീറ്റക്കായുള്ള ഇവയുടെ പരിശ്രമം ഇതെല്ലാം കണ്ടു നിൽക്കുന്നവരുടെ മനം കുളിർപ്പിക്കുന്ന കാഴ്‌ചകളാണ്. മീൻകൃഷിക്ക് പുറമെ ആട്, താറാവ്, കന്നുകാലികൾ തുടങ്ങിയവയെയും സജി പരിപാലിക്കുന്നുണ്ട്. ഒഴിവ് സമയങ്ങളിൽ ഇവരുടെ ഇഷ്ട വിനോദം മത്സ്യ ബന്ധനമാണ്. വ്യത്യസ്ത തരം ചൂണ്ടകൾ ഉപയോഗിച്ചാണ് ഇവർ മത്സ്യ ബന്ധനം നടത്തുന്നത്. കൂടാതെ വലവീശിയും ഇവര്‍ മീന്‍ പിടിക്കുന്നുണ്ട്. സജിയുടെ സമ്മിശ്രകൃഷിക്ക് പൂർണ പിന്തുണയുമായി ഭാര്യ ഷീജയും മകൾ ദേവികയും മകൻ ദേവനന്ദനും കൂടെയുണ്ട്. മണ്ണിനെ സ്നേഹിച്ച് കൃഷിയെ പരിപാലിക്കുക, അതാണ് ഉപ്പുതറ വെള്ളാശ്ശേരിൽ സജിയുടെ കാർഷിക തന്ത്രം. മികച്ച സമ്മിശ്ര കർഷകനുള്ള കൃഷി വകുപ്പിൻ്റെ പുരസ്‌കാരവും സജിക്ക് ലഭിച്ചിട്ടുണ്ട്. ഈ ലോക് ഡൗൺ കാലത്ത് ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും കൂട്ടായ പരിശ്രമത്താൽ വിജയം കൈവരിക്കാൻ കഴിയും എന്ന് തെളിയിച്ചുകൊണ്ട് നാടിന് മുഴുവൻ മാതൃകയായി മാറിയിരിക്കുകയാണ് ഈ കുടുംബം.