ഇടുക്കി: ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടിലാണ് വണ്ടിപെരിയാർ സ്വദേശി മുരുകനും കുടുംബവും കഴിയുന്നത്. മഴയായാലും വെയിലായാലും ഈ കുടുംബത്തിന് ദുരിതമൊഴിഞ്ഞ നേരമില്ല. മഴ പെയ്താൽ മുറിക്കുള്ളിൽ കുട ചൂടേണ്ട അവസ്ഥയാണ്. ഭിത്തിയിലൂടെ വെള്ളം ഇറക്കിയാൽ പിന്നെ ഏതു നിമിഷവും ഷോക്ക് ഏൽക്കും. മുരുകനും ഭാര്യയും രണ്ടു മക്കളുമാണ് ഇവിടെ കഴിയുന്നത്. പ്രായപൂർത്തിയായ മകൾ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.
പല തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും ഈ ദലിത് കുടുംബത്തെ അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല. ലൈഫ്‌മിഷൻ പദ്ധതിയിൽ വീട് അനുവദിക്കണമെന്ന അപേക്ഷയുമായി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പഴയ റേഷൻ കാർഡിൽ വീട് നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ പുതിയ കാർഡ് വാങ്ങിയെങ്കിലും വീട് എന്ന സ്വപ്നം മാത്രം ഇനിയും ഈ കുടുംബത്തിന് അകലെയാണ്.