ഇടുക്കി: കൊവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 28 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍. ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കി 27 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്നെത്തിയ ആളെയാണ് രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. കൊവിഡ് 19 വൈറസ് ബാധക്കെതിരെ ജില്ലയില്‍ ശക്തമായ മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമൂഹത്തിന്‍റെ എല്ലാ മേഖലകളും ആരോഗ്യ വകുപ്പിന്‍റെയും മറ്റ് ഏജന്‍സികളുടേയും നിരീക്ഷണത്തിലാണെന്നും കലക്ടര്‍ പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ആള്‍ ഉത്തരേന്ത്യക്കാരനാണെന്നും നിലവില്‍ ജില്ലയിലെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
കൊവിഡ്-19 ഭീതിയില്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ പുതിയ ബുക്കിങ്ങുകള്‍ അനുവദിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലുമുള്ള വിദേശികളടക്കമുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.