ഇടുക്കി: പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിനൊപ്പം ഇടുക്കി ജില്ലയിലെ 240 സ്‌കൂളുകളും ഹൈടെക്കായി. കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്‍റെ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വി.എച്.എസ്.ഇ വിഭാഗങ്ങളില്‍ ജില്ലയിലാകെ 240 സ്‌കൂളുകളും ഹൈ-ടെക് ആയി. 133 സര്‍ക്കാര്‍ സ്‌കൂളുകളും 107 എയ്ഡഡ് സ്‌കൂളുകളും ഇതില്‍ ഉൾപ്പെടും. ഈ സ്‌കൂളുകളിൽ ആകെ കൂടി 1,621 ക്ലാസ്സ് മുറികളില്‍ ഹൈ-ടെക് ആകാൻ ആവശ്യമായ സജ്ജീകരങ്ങൾ ക്രമീകരിച്ചു. ലാപ്ടോപ്പുകള്‍, പ്രൊജക്ടറുകള്‍, പ്രൊജക്ഷന്‍ സ്‌ക്രീനുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, യുഎസ്ബി സ്പീക്കറുകള്‍ എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ അക്കാദമിക് പരിപാടികള്‍ സ്‌കൂളുകളില്‍ ലഭ്യമാകാന്‍ എല്‍.ഇ.ഡി ടി.വി., സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനും ഡോക്കുമെന്‍റേഷനുമായി ഡി.എസ്.എല്‍.ആർ ക്യാമറ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിന് വെബ് ക്യാമുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി എല്ലാ സ്‌കൂളുകള്‍ക്കും ഇന്‍റർനെറ്റ് സൗകര്യം മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി 94 സ്‌കൂളുകളിലായി ലിറ്റില്‍ കൈറ്റ്സ് ഐ.റ്റി ക്ലബ്ബുകള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും ഹൈ-ടെക് ലാബുകളും പൂര്‍ത്തിയാക്കി. സെക്കണ്ടറി വിഭാഗത്തില്‍ 12.44 കോടി രൂപയും പ്രൈമറി ലാബുകള്‍ക്കായി 7.22 കോടിയും ചെലവഴിച്ചു. ഹൈ-ടെക് പൂര്‍ത്തീകരണത്തിനായി ജില്ലയിലെ മൊത്തം ചെലവില്‍ കിഫ്ബി മുഖാന്തിരം 21.79 കോടിയും പ്രാദേശിക സമാഹരണം വഴി 8.14 കോടിയും ചെലവഴിച്ചിട്ടുണ്ട്.
ദേവികുളം നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഹൈടെക് പ്രഖ്യാപനവും അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടന്ന പ്രാദേശിക ചടങ്ങിന്‍റെ ഉദ്ഘാടനം ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഉള്‍പ്പെടെ ദേവികുളം നിയോജക മണ്ഡലത്തിലെ 99 സ്‌കൂളുകളാണ് ഹൈടെക്കായി മാറിയത്. ജില്ലയിലാകെ നടന്ന പ്രഖ്യാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനു മോന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ലോഹിദാസന്‍ എം കെ, സമഗ്ര ശിക്ഷ ഡിപിസി ബിന്ദു മോള്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ പികെ ഷാജിമോന്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളായി വിവിധ പ്രാദേശിക യോഗങ്ങളില്‍ സംബന്ധിച്ചു.