തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രധാനവിഷയം ശബരിമലയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷയോടെ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഗവണ്‍മെന്‍റ് 1000 ദിവസം പിന്നിടുമ്പോൾ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വവും സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും തകർത്തിരിക്കുകയാണ്. സുധാകർ റെഢിയും, സീതാറാം യെച്ചൂരിയും നടത്തുന്ന കേരള സംരക്ഷണയാത്ര പ്രഹസനമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സീതാറാം യെച്ചൂരിക്ക് അരിയിൽ ഷുക്കൂറിന്റേത് ആൾക്കൂട്ട കൊലയല്ലെന്ന് പറയാനാകുമോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്നും ബിജെപിയും സംഘപരിവാറും ചേർന്ന് ശബരിമലയെ അയോധ്യയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യബോധമില്ലാതെയാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി യാതൊരുവിധ കൂട്ടുകെട്ടിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1000 ദിവസം പിന്നിടുന്ന സർക്കാർ കേരള സംരക്ഷണ യാത്രയുടെ അർത്ഥം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനമഹായാത്ര തൃശ്ശൂരിൽ എത്തിയപ്പോൾ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)