ഷുക്കൂർ വധക്കേസിലെ ജയരാജനെതിരായ കൊലക്കുറ്റം ലീഗ് നടത്തിയ നിയമ പോരാട്ട വിജയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേസ് ദുർബലപ്പെടുത്താനുള്ള ശ്രമമുണ്ടായി. കണ്ണൂരിലെ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം സിപിഎം ഓഫീസ് തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണെന്നും കെപിഎ മജീദ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഎസ്എഫ് പ്രവർത്തകനായിരുന്ന ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കും എതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് മജീദിന്‍റെ പ്രസ്താവന. 2012 ഫെബ്രുവരി 20 ൽ ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം കണ്ണപുരത്ത് വച്ച് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം അരിയിൽ സെക്രട്ടറി യു വി വേണുവടക്കം കേസിൽ 33 പ്രതികളാണുള്ളത്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് ജയരാജനെ അറസ്റ്റ് ചെയ്തു. പിന്നീട് ജയരാജൻ ജാമ്യത്തിലിറങ്ങി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്‍റെ അമ്മ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.