സംസ്ഥാനചലച്ചിത്ര അവാർഡ് വീണ്ടും വിവാദത്തിൽ. അവാർഡിനായി എത്തിയ 105 സിനിമകളിൽ അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും വൈസ് ചെയർമാൻ ബീനാപോൾ എഡിറ്റിങ്ങ് നിർവഹിച്ച് ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണും പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ച് സാംസ്കാരികമന്ത്രി എ കെ ബാലൻ.
അക്കാദമി ഭാരവാഹികളുടെ സിനിമകൾ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കുന്നത് ധാർമികമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എ കെ ബാലൻ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ചിത്രങ്ങൾ അവാർഡിനായി മത്സരിക്കണമെങ്കിൽ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ കടുത്ത നിലപാടിൽ നിന്ന് പിൻമാറില്ലെന്ന് എ കെ ബാലൻ വ്യക്തമാക്കി. എന്നാൽ നിർമാതാക്കളാണ് സിനിമകൾ അവാർഡിനയക്കുന്നത്.
അക്കാദമി ഭാരവാഹികൾ സംസ്ഥാനസർക്കാരിന്‍റെ ചലച്ചിത്രപുരസ്കാരങ്ങളുമായി ബന്ധപ്പെട്ട്, വ്യക്തിപരമായ അംഗീകാരങ്ങൾക്ക് അപേക്ഷിക്കരുതെന്നാണ് അക്കാദമിയുടെ നിയമാവലിയിൽ പറയുന്നുണ്ട്. എന്നാൽ അംഗങ്ങളുടെ സിനിമകൾ മറ്റു വിഭാഗങ്ങളിൽ അവാർഡിന് പരിഗണിക്കുന്നതിൽ ചട്ടപ്രകാരം പ്രശ്നമില്ല. പക്ഷേ, ഇതിൽ ധാർമികമായ പ്രശ്നമുണ്ടെന്നാണ് സാംസ്കാരികമന്ത്രി എ കെ ബാലൻ ചൂണ്ടിക്കാട്ടുന്നത്.
'ആമി'യും 'കാർബണു'മടക്കമുള്ള ചിത്രങ്ങൾ പുരസ്കാരം നേടുന്നത് വിവാദങ്ങൾക്കിടയാക്കുമെന്ന് സാംസ്കാരികവകുപ്പ്. അക്കാദമി ഭാരവാഹികളുടെ സ്വാധീനം ഇതിലുണ്ടെന്ന തരത്തിലുള്ള വിവാദങ്ങളുണ്ടാക്കാൻ സംസ്ഥാനസർക്കാരിനും താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തിരക്കിട്ട് അവാർഡ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. പക്ഷെ ജൂറി അംഗങ്ങളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് പുതിയ വിവാദം.