എറണാകുളം: മുവാറ്റുപുഴ- തൊടുപുഴ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ശയന പ്രദക്ഷിണം നടത്തി. വാഴകുളത്തും സമീപ പ്രദേശങ്ങളിലും റോഡിൽ വലിയ രീതിയിലുള്ള കുഴികൾ രൂപപ്പെട്ടതോടെ പ്രദേശത്ത് വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുകയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതോടെ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും പി.ഡബ്ല്യു.ഡി യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സമരം.
അടിയന്തരമായി റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിക്കുന്നത് ഉൾപ്പടെയുള്ള സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ശയന പ്രദക്ഷണ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളികുന്നേൽ ഉദ്ഘാടനം ചെയ്‌തു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിന്‍റോടോമി സമരത്തിന് നേതൃത്വം നൽകി. .