എറണാകുളം: കൊച്ചി കോർപ്പറേഷൻ ഓഫിസിൽ മാലിന്യം നിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്ന് വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാത്തതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. മാലിന്യവുമായി കോർപ്പറേഷനിൽ പ്രവേശിച്ച് മേയറുടെ ഓഫിസിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം വിതറിയത്.
തുടർന്ന് മേയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരും രംഗത്തുണ്ടായിരുന്നു. പ്രതിഷേധം തുടർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കി.
ഡെപ്യൂട്ടി മേയറെ ഉപരോധിച്ച് കൗണ്‍സിലര്‍മാര്‍: ഇതിനു പിന്നാലെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം തുടങ്ങി. കൗൺസിലർമാരുടെ പ്രതിഷേധം തടയാൻ പൊലീസ് ശ്രമിച്ചത് വാക്കേറ്റത്തിന് കാരണമായി. ഈ സമയം മേയർ എം. അനിൽകുമാർ ഓഫിസിലുണ്ടായിരുന്നില്ല.
മേയർ വരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ കൗൺസിലർ അറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി മേയർ കെ.എ അൻസിയയെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. മേയർ അനിൽകുമാർ ഒളിച്ചു നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ഒരാഴ്‌ചയായി നഗരത്തിലെ മാലിന്യം ശേഖരിക്കുന്നത് നിർത്തി വച്ചതിനാൽ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിലാണ് സ്ഥലം കണ്ടെത്തിയത്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുക.
പുക നിയന്ത്രിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു: ഇതു സംബന്ധിച്ച് ജില്ല ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയിരുന്നു. കോർപറേഷൻ, കിൻഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്‌ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് വച്ച് സംസ്‌കരിക്കാനാണ് തീരുമാനമെങ്കിലും ഇതും നടപ്പായിട്ടില്ല.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിൽ നേവിയുടെയും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും പങ്കാളികളായി. തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഏഴാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യകൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്.
മരട്, വൈറ്റില, പാലാരിവട്ടം തുടങ്ങിയ കൊച്ചിയിലെ നഗരപ്രദേശങ്ങളിൽ ഇന്നും രാവിലെ പുക ഉയർന്നിരുന്നു. പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ല ഭരണകൂടം അവസാനമായി അറിയിച്ചത്. ഏഴാം ദിവസവും തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.
പുക അണയ്‌ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്‌റ്ററുകളും: പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങള്‍ ഉള്‍പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.
മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്‌ടറുകളില്‍ മുകളില്‍ നിന്നു വെള്ളം പമ്പ് ചെയ്യുന്നു. വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള എംഐ 17 വി5 ഹെലികോപ്‌ടറാണ് ബ്രഹ്‌മപുരത്ത് തീയും പുകയും അണയ്ക്കുന്നതിന് വെള്ളം മുകളില്‍ നിന്ന് പമ്പ് ചെയ്യുന്നതിനായി എത്തിയത്.
ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല: കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു. ആറ് ഷട്ടിലുകളിലായി 10,800 ലിറ്റര്‍ വെള്ളമാണ് ഒഴിച്ചത്. എഫ് എ സി ടിയുടെ റിസര്‍വോയറില്‍ നിന്നാണ് ജലമെടുത്തത്.
ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലന്നാണ് ഭരണകൂടം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്‍റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു.
24 മണിക്കൂറും മെഡിക്കല്‍ ടീമിന്‍റെ സേവനമുണ്ടാകും. ഫയര്‍ ആന്‍റ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം, വൈറ്റില ഉൾപെടെയുള്ള നഗര പ്രദേശങ്ങളിൽ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പ്ലാസ്റ്റിക്ക് കൂമ്പാരാത്തിന് തീപിടിച്ചത്.