എറണാകുളം: സ്വന്തം മരണം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ആലുവ സ്വദേശി അജ്‌മൽ ഷരീഫാണ് (28) മരിച്ചത്. വെള്ളിയാഴ്‌ച (നവംബർ 8) വൈകിട്ട് 6:30ഓടെയായിരുന്നു സംഭവം.
ജോലി തേടി അജ്‌മൽ ദുബായിയിൽ പോയിരുന്നു. എന്നാൽ, അവിടെ ജോലി ഒന്നും തരപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് അജ്‌മൽ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അജ്‌മൽ മരിക്കുന്നതിന് പത്ത് മിനിറ്റ് മുൻപാണ് മരണം സൂചിപ്പിക്കുന്ന പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. തുടർന്ന് യുവാവിന്‍റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടവർ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും വീടിനുള്ളിൽ നിന്ന് അജ്‌മലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവാവിനെ ഉടൻതന്നെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.