കൊച്ചി: മൂവായിരത്തിലധികം പുസ്‌തകങ്ങൾ, 110 അംഗങ്ങൾ, അംഗത്വം തികച്ചും സൗജന്യം... പറഞ്ഞു വരുന്നത് മട്ടാഞ്ചേരിയിലെ 'യശോദാസ് ലൈബ്രറി'യെ കുറിച്ചാണ്. 12 വയസുകാരി യശോദ ഷേണായിയുടെ സ്വന്തം വായനശാലയെ കുറിച്ച്. പണമില്ലാത്തവർക്കും വായനാശീലം ആവശ്യമാണെന്ന ചിന്തയിലാണ് ആറ് മാസം മുമ്പ് മട്ടാഞ്ചേരി ടിഡി സ്കൂൾ വിദ്യാർഥിനിയായ യശോദ വീട്ടില്‍ സ്വന്തമായൊരു വായനശാല തുടങ്ങുന്നത്. ചെറുപ്പത്തിൽ മറ്റൊരു വായനശാലയിൽ നിന്നും എടുത്ത പുസ്തകം മടക്കി നൽകാൻ രണ്ടുദിവസം വൈകിയതിൽ അച്ഛൻ പണം കൊടുക്കുന്നത് കണ്ടപ്പോഴാണ് വായന സൗജന്യമല്ലെന്ന കാര്യം യശോദ അറിയുന്നത്. അതിന് ശേഷമാണ് സൗജന്യമായി തന്നെ ഒരു വായനശാല തുടങ്ങുവാൻ യശോദ തീരുമാനിക്കുന്നത്.
ഗ്രന്ഥശാല തുടങ്ങുന്നതിനായി യശോദ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അച്ഛൻ ദിനേശ് ഷേണായി ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചു. തുടർന്ന് ലോകത്തിന്‍റെ പല ദിക്കുകളിൽ നിന്നുമുള്ള സുഹൃത്തുക്കളും പരിചയക്കാരും പുസ്‌തകങ്ങൾ അയച്ചു നൽകി. യശോദയുടെ വായനശാലയിലെ ഒരു പുസ്തകവും പണം കൊടുത്തു വാങ്ങിയതല്ല, മറിച്ച് ഇങ്ങനെ സുഹൃത്തുക്കളില്‍ നിന്നും മറ്റുമൊക്കെ ലഭിച്ചതാണ്. ആക്രി കടയിൽ നിന്ന് വരെ കിട്ടിയ പുസ്‌തകങ്ങൾ കൂട്ടത്തിലുണ്ടെന്ന് ചിത്രകാരൻ കൂടിയായ ദിനേശ് ഷേണായി പറയുന്നു. യശോദയുടെ പുസ്‌തകങ്ങൾക്കൊപ്പം അച്ഛന്‍റെ ചിത്രങ്ങളും വായനശാലയില്‍ ഇടംപിടിക്കുന്നു. യശോദക്ക് കൂട്ടായി സഹോദരന്‍ അച്യുതും വായനശാലയുടെ നടത്തിപ്പില്‍ പങ്കാളിയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതല്‍ പുസ്‌തകങ്ങളോട് ഇഷ്ടം കൂടിയ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ പുസ്‌കങ്ങളെ ഒരുപാട് സ്നേഹിക്കുന്ന യശോദക്ക് ഭാവിയിൽ ഒരു വക്കീലാകണം എന്നാണ് ആഗ്രഹം.