എറണാകുളം : കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് തെരുവുനായ ശല്യം (Stray Dogs). സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിൽ 2022 -23 കാലഘട്ടങ്ങളിൽ എബിസി പദ്ധതിയിലൂടെ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം നായ്‌ക്കളെയാണ് വന്ധ്യംകരിച്ചത്. ഒരു ആൺ നായയും ഒരു പെൺ നായയും തെരുവിൽ ഉണ്ടെങ്കിൽ 34,000 ത്തോളം നായ്‌ക്കളായി മൂന്നുവർഷം കൊണ്ട് പെറ്റുപെരുകും എന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കണ്ടെത്തൽ (World Animal Welfare Day).
ഇത്രയധികം നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടും സംസ്ഥാനത്ത് വീണ്ടും തെരുവുനായ്‌ക്കൾ പെറ്റുപെരുകുന്നതിന് നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്ന് നമ്മൾ വീടുകളിൽ അരുമകളായി വളർത്തുന്ന പൊന്നോമനകളെ തെരുവുകളിലേക്ക് ഉപേക്ഷിക്കുന്നത് തന്നെയാണ്. തെരുവുനായ പ്രജനന നിയന്ത്രണ വസ്‌തുതകൾക്കപ്പുറം വീട്ടിലെ വളർത്തുനായ്‌ക്കളെ (Pet Dogs) തെരുവിൽ ഉപേക്ഷിക്കുന്നത് തന്നെയാണ് പറഞ്ഞുവരുന്നതിന്‍റെ പൊരുൾ.
സിനിമയിലെ താരങ്ങൾ : മലയാള സിനിമയിൽ അടുത്ത കാലത്തായി പുറത്തിറങ്ങിയ 'വാലാട്ടി', കന്നട ചലച്ചിത്രം 'ചാർലി 777' എന്നീ ചിത്രങ്ങളിലൂടെ നായ്‌ക്കളിൽ ആളുകൾ ആകൃഷ്‌ടരായിരുന്നു. നാല് ചുവരുകൾക്കുള്ളിൽ മനുഷ്യൻ ഒതുങ്ങിപ്പോയ കൊവിഡ് കാലവും അരുമകളെ ദത്തെടുക്കുന്നതിന് നമ്മളെയൊക്കെ വളരെയധികം കാരണമാക്കി. ആദ്യ കാഴ്‌ചയിൽ തോന്നുന്ന ഓമനത്തവും വീട്ടിലെ കുഞ്ഞുമക്കളുടെ പിടിവാശിയും ഒക്കെയാണ് ആദ്യമായി ഒരു അരുമയെ ദത്തെടുക്കാൻ പ്രേരിപ്പിക്കുന്നത്.
വളർത്തുനായ്‌ക്കൾ ഒഴിവാക്കപ്പെടുന്നതെങ്ങനെ? : വീട്ടിലേക്ക് എത്തിച്ച് ആദ്യത്തെ മൂന്നുനാലുദിവസം കഴിയുമ്പോൾ ആയിരിക്കും ഒരു നായയെ വളർത്തുന്നതിന്‍റെ ബുദ്ധിമുട്ടുകൾ വീട്ടുകാർ മനസിലാക്കി തുടങ്ങുക. യൂട്യൂബ് വീഡിയോകളിലും സിനിമകളിലും കാണുന്നതുപോലെ നായ്‌ക്കൾ അനുസരണ കാട്ടാതിരിക്കുക, ബാത്‌റൂം ട്രെയിനിങ് സ്വായത്തമാക്കാതിരിക്കുക, ചെറിയ കുട്ടികൾക്ക് കടിയേൽക്കുക എന്നിവയൊക്കെ ഇവയെ ഒഴിവാക്കുന്നതിന് കാരണമാകാം. വലിയ വില കൊടുത്താകും പല ബ്രീഡർമാരിൽ നിന്നും നായ്‌ക്കളെ വാങ്ങാറുള്ളത്.
തിരികെ നൽകുമ്പോൾ വാങ്ങിയ വില ലഭിക്കാതിരിക്കുകയും കുറച്ചുനാൾ കാത്തിരുന്ന് മറ്റാർക്കെങ്കിലും വിൽക്കാൻ ശ്രമിക്കുകയും ചെയ്‌ത് പരാജയപ്പെടുന്നതോടെ ബുദ്ധിമുട്ട് സഹിക്കാനാകാതെ നായ്‌ക്കളെ തെരുവിൽ ഉപേക്ഷിക്കാൻ തീരുമാനമെടുക്കും. നഗരജീവിതം നയിക്കുന്നവർക്ക് സമയക്കുറവും അപ്പാർട്ട്‌മെന്‍റിലെ പരിമിതികളും ഒരാവേശത്തിൽ സ്വന്തമാക്കിയ ഓമനകളെ തെരുവിൽ ഉപേക്ഷിക്കാൻ പ്രേരിതമാക്കും. പിന്നീടുള്ള ഘടകങ്ങൾ ഏറ്റവും ക്രൂരവും വേദനാജനകവും ആണ്.
വിദേശ ഇനത്തിൽപ്പെട്ട നായ്‌ക്കളെ ഓമനകളായി വളർത്തിയശേഷം അസുഖബാധിതരാകുമ്പോഴോ പ്രായാധിക്യം ബാധിക്കുമ്പോഴോ കൃത്യമായ പരിചരണം നൽകാതെ തെരുവിൽ ഉപേക്ഷിക്കും. മനുഷ്യരോട് മനുഷ്യൻ കാട്ടാത്ത വിവേകം മൃഗങ്ങളോട് കാട്ടും എന്ന പ്രതീക്ഷ വേണ്ട. നാടൻ നായ്‌ക്കളെ വാങ്ങി കെട്ടിയിട്ട് വളർത്തുന്ന പോലെ അത്ര എളുപ്പമല്ല വിദേശ ഇനം നായ്‌ക്കളെ പരിപാലിക്കുന്നത്.
തെരുവിലേക്കിറങ്ങുന്ന വളർത്തുനായ്‌ക്കൾ : കൃത്യമായി അരുമകളെ എങ്ങനെ പരിചരിക്കണമെന്നും ഒരു നായയെ വാങ്ങാൻ തീരുമാനിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നും പലർക്കും ധാരണയില്ല. വീട്ടിൽ ഒരുപാട് കാലം ഓമനകളായി വളർന്ന ഇവർ തെരുവിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ മറ്റ് നായ്‌ക്കളുടെ കടിയേറ്റ് മരിക്കുന്നത് ഹൃദയഭേദകമായ കാഴ്‌ചയാണ്. ഇത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്ക് സ്വന്തമായി ടെറിട്ടറി മാർക്ക് ചെയ്യാനോ ഇര തേടി കണ്ടുപിടിച്ച് കഴിക്കുവാനോ സാധ്യമല്ല.
ഇതൊക്കെ തിരിച്ചറിയാൻ പോലും ശ്രമിക്കാതെയാണ് മനുഷ്യരുടെ ഇത്തരം പ്രവൃത്തികൾ. പലപ്പോഴും ടോയ് ബ്രീഡും വാച്ച് ബ്രീഡും തമ്മിലുള്ള വ്യത്യാസം പോലും പലർക്കും അറിയില്ല. അരുമകളെ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശം നൽകുകയാണ് അരുൺ. തിരുവനന്തപുരം സ്വദേശിയായ അരുൺ നല്ലൊരു ഡോഗ് ട്രെയിനർ ആണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ അദ്ദേഹത്തിന്‍റെ നായ്‌ക്കൾ പലപ്പോഴും കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 20 വർഷമായി നായപരിപാലനരംഗത്ത് നിലയുറപ്പിക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിക്കാം.