എറണാകുളം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട സർക്കാർ പങ്കാളിത്തമുള്ള വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിക്കെതിരെ തൊഴിലാളികൾ. 94 ജീവനക്കാരില്‍ 25 പേർക്ക് മാത്രം ജോലി നൽകി ബാക്കിയുള്ളവരെ പുറത്താക്കാനുള്ള ബോർഡിന്‍റെ തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. നടപടി പിൻവലിച്ചില്ലങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ജീവനക്കാർ വ്യക്തമാക്കി.
ജൈവ് എന്ന പേരില്‍ ജ്യൂസ് ഉത്പ്പന്നങ്ങൾ അടക്കം വിപണിയിലെത്തിക്കുകയും വിദേശത്തേക്ക് അടക്കം കയറ്റുമതി ചെയ്യുകയും ചെയ്തിരുന്ന സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനമാണ് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി. പൈനാപ്പിളിന് വില ഇടിയുന്ന സമയങ്ങളിൽ പൈനാപ്പിൾ കർഷകരിൽ നിന്ന് സർക്കാർ നേരിട്ട് പൈനാപ്പിൾ വാങ്ങി ശേഖരിക്കുകയും ജ്യൂസ് നിർമിക്കുകയും ചെയ്ത കമ്പനിയാണ് മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടുകൊണ്ട് നാശത്തിലേക്ക് കൂപ്പുകുത്തിയത്. നഷ്ടം വർദ്ധിച്ചതോടെ പാക്കിങിനുള്ള സാമഗ്രികൾ പോലും വാങ്ങാൻ കഴിയുന്നില്ലന്നാണ് കമ്പനി വിശദീകരണം.
ഒരു വർഷമായി ശമ്പളം മുടങ്ങിയ സ്ഥാപനത്തില്‍ ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഉത്പാദനം ഉള്ളപ്പോൾ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നൽകുമെന്നാണ് കമ്പനി നിലപാട്. സ്ഥാപനം പൂർണ പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാർ നേരത്തെ പറഞ്ഞിരുന്നു. നഷ്ടത്തിലോടുന്ന കമ്പനിയിൽ കൂടുതൽ തൊഴിലാളികൾക്ക് ജോലി നല്‍കാൻ കഴിയില്ലെന്ന് ജൈവ് എം.ഡി ഷിബു കുമാർ പറഞ്ഞു.