എറണാകുളം: കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോഗ്രേ. രണ്ട് തവണ അന്വേഷണ സംഘം തൃശ്ശൂരിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു എന്നും ഡി.സി.പി പറഞ്ഞു. അന്വേഷണ സംഘം തൃശ്ശൂരിൽ തുടരുകയാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും ഡി.സി.പി അറിയിച്ചു.
സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകിയിട്ട് രണ്ട് മാസമായെന്നും കേസെടുത്തെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നും യുവതി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം പ്രതി മാർട്ടിൻ ജോസഫ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പ്രതി തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറഞ്ഞു. ഫ്ലാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
More Read: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല