കൊച്ചി: മരട് ന്യൂക്ലിയസ് മാളിനു സമീപം കാർ ചരക്കു ലോറിയിൽ ഇടിച്ചു കയറി യുവതി മരിച്ചു. തൃശൂർ സ്വദേശിനി ജോമോളാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻ സാൻഗി(45)യെ ഗുരുതരമായി പരിക്കേറ്റ നിലയിൽ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സാൻഗി ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവർ മടങ്ങും വഴി മറ്റൊരു അപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടിൽ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവർ.
തൃശൂർ സ്വദേശികളായ യുവാവും യുവതിയും കുണ്ടന്നൂരിൽ നിന്നു തൃപ്പൂണിത്തുറയിലേയ്ക്കു പോകുന്ന വഴിയിൽ രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. യുവതിയുടെ മൃതദേഹം മരടിലുള്ള സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സാൻഗിയെ ആശുപത്രിയിലാക്കി തിരിച്ച് മടങ്ങുമ്പോൾ മരട് ജംക്‌ഷൻ കഴിഞ്ഞതിന് ശേഷമാണ് ഒട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായതാണ് ഓട്ടോ അപകടത്തിന് ഇടയാക്കിയത് എന്നു സംശയിക്കുന്നു.