കൊച്ചി: ചില്ലുവാതിലിൽ തട്ടി യുവതി മരിച്ച സംഭവത്തിൽ പെരുമ്പാവൂർ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിന് നേരെ കല്ലേറ്. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന കേരള ഗ്രാമീൺ ബാങ്കിന്‍റെ ജനലിനാണ് കല്ലേറ് കൊണ്ടത്. കല്ലേറില്‍ അപകടങ്ങളൊന്നുമുണ്ടായില്ല. ഹെൽമറ്റും മാസ്‌കും ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ ആളാണ് കല്ലെറിഞ്ഞത്. വണ്ടി നിർത്തി ബാങ്കിന് മുൻവശത്ത് നിന്നവരോട് സ്‌ത്രീ ചില്ലുവാതിലില്‍ തട്ടി മരിച്ച ബാങ്ക് ഇതുതന്നെയല്ലേയെന്ന് ഇയാൾ ചോദിച്ചതായും മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗ്രാമീണ്‍ ബാങ്കിന്‍റെ മാനേജര്‍ ക്യാബിനിന് നേരെയാണ് കല്ല് തെറിച്ചത്. സംഭവത്തിൽ പരാതി നൽകാൻ തീരുമാനിച്ചതായി മാനേജർ ശ്രീകാന്ത് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്‌ധരെത്തി പരിശോധിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെ ചേരാനല്ലൂർ മങ്കുഴി വീട്ടിൽ ബീനയാണ് ബാങ്കിന്‍റെ മുൻവശത്തെ ചില്ലിലിടിച്ച് മരിച്ചത്. യുവതിയുടെ മൃതദേഹം ചൊവ്വാഴ്‌ച രാവിലെ കൊവിഡ് പരിശോധനക്കയച്ചിരുന്നു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം പോസ്റ്റുമോർട്ടം നടത്തി. ബുധനാഴ്‌ച രാവിലെ സംസ്‌കാരം നടക്കും.