എറണാകുളം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് പ്രദേശത്തെ ടി.വി ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ കൃഷിയിടത്തിലെത്തി കാട്ടാനകൾ കൃഷി നശിപ്പിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്‌ത കുലച്ച നൂറ് ഏത്തവാഴകളാണ് ഇത്തവണ നശിപ്പിച്ചത്.
ഫെൻസിങ് ഇല്ലാത്ത ഭാഗം നോക്കിയാണ് ആനകള്‍ കൃഷിയിടത്തിൻ്റെ അകത്ത് കയറുന്നത്. തിരിച്ച് ഇറങ്ങുമ്പോൾ കയ്യാലകളും, ഫെൻസിങും ഉൾപ്പെടെ തകർത്തുകൊണ്ടാണ് ഇവയുടെ രാത്രികാല സഞ്ചാരം. നിത്യേന ആനകൾ വരുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. വിഷയത്തില്‍ പരിഹാരം കാണുന്നതിനായി അധികൃതരുടെ ഇടപെടൽ കാര്യക്ഷമമാക്കണെമെന്ന് കർഷകർ പറയുന്നു.
ALSO READ: 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്
കാട്ടാന ശല്യം രൂക്ഷമാകുന്ന പഞ്ചായത്തുകളിൽ കാർഷിക വിളകൾക്കുണ്ടാകുന്ന നഷ്‌ടം കുറയ്ക്കുന്നതിനായി കർഷകരെ വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാക്കുമെന്ന് സ്ഥലം സന്ദർശിച്ച കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു.