എറണാകുളം: വൈഗ കൊലക്കേസ് പ്രതി സനു മോഹനെ കേരള പൊലീസ് മുംബൈ പൊലീസിന് കൈമാറി. പ്രതിക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. സനുവിനെ പൊലീസ് സംഘമെത്തി മുംബൈയിലേക്ക് കൊണ്ടുപോയി. മൂന്ന് കോടി രൂപയുടെ വഞ്ചനക്കേസാണ് പ്രതിക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനു മോഹൻ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ശരീരം പുഴയിൽ ഉപേക്ഷിച്ച ശേഷം ആത്മഹത്യ ചെയ്യാൻ കഴിയാതെ കാറുമായി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു എന്നും സനു മൊഴി നൽകിയിരുന്നു.
കൂടുതൽ വായനയ്ക്ക്: 13കാരിയുടെ മരണം കൊലപാതകമെന്ന് പിതാവ് സനു മോഹൻ
വൈഗയെ കൊലപ്പെടുത്തിയ കങ്ങരപടിയിലെ ഫ്ലാറ്റ്, കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാർ പുഴ തുടങ്ങിയ സ്ഥലങ്ങളിൽ സനുവിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൊഴികളും സാഹചര്യ തെളിവുകളും കോർത്തിണക്കി കേസ് ശാസ്ത്രീയമായി തെളിയിക്കാനായിരുന്നു കേരള പൊലീസ് ശ്രമം. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിക്ക് എതിരായ പരമാവധി തെളിവുകൾ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും അടിക്കടി മൊഴിമാറ്റുന്നതും പൊലീസിന് തലവേദന സൃഷ്‌ടിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്: വൈഗ വധം : സനു മോഹന്‍ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍